Kerala

ചരക്കുനീക്കം സുഗമമാക്കാന്‍ അന്‍പതിനായിരം വെഹിക്കിള്‍ പാസ്; കൊറിയര്‍, പാര്‍സല്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും

ഓണ്‍ലൈനായും ചരക്കുലോറി ഉടമകള്‍ക്ക് പാസ് എടുക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്തെ കൊറിയര്‍, പാര്‍സല്‍ സര്‍വീസുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ചരക്കുനീക്കം സുഗമമാക്കാന്‍ അന്‍പതിനായിരം വെഹിക്കിള്‍ പാസുകള്‍ കളക്ടര്‍മാര്‍ക്ക് അച്ചടിച്ച് നല്‍കി.

ഓണ്‍ലൈനായും ചരക്കുലോറി ഉടമകള്‍ക്ക് പാസ് എടുക്കാം. അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്‍പ്പനങ്ങള്‍ക്കും തടസ്സമില്ലാതെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.  അതേസമയം കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ്  എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ  സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം  ഓണ്‍ലൈനില്‍  ലഭിക്കുവാന്‍  യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്റെ  ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍  പൊലീസ്  കണ്‍ട്രോള്‍  സെന്ററില്‍ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ്  ആയി നല്‍കും. യാത്രവേളയില്‍ പൊലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും.

അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ്  ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം  പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്.

പേര്, മേല്‍ വിലാസം,  മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം  ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ്  ആയി ലഭിക്കും. ഇതും ആഴ്ചയില്‍ പരമാവധി മൂന്നുതവണയേ ലഭിക്കൂ.
നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അപേക്ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍  ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും  നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT