തിരുവനന്തപുരം: കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മരുന്നുകള്‍ ലഭ്യമാക്കാനുളള നടപടികളാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ട്. ഇതിന് ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പരിഹാരം കാണുന്നത്. വരുമാന നഷ്ടപ്പെട്ട നിര്‍ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവെച്ച മറ്റു രോഗികള്‍, അര്‍ബുദ രോഗബാധിതര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്‍സുലിന്‍ പോലുളള മറ്റു പ്രധാനപ്പെട്ട മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ലഭിക്കാന്‍ കാലതാമസം വരുന്നുണ്ടെങ്കില്‍ കാരുണ്യ, നീതി സ്‌റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ ചികിത്സയ്ക്കായി കന്യാകുമാരിയില്‍ നിന്നും മറ്റു സമീപ ജില്ലകളില്‍ നിന്നും സ്ഥിരമായി നിരവധി രോഗികള്‍ എത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്ക് ആര്‍സിസിയില്‍ എത്തുന്നതിന് പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ ആര്‍സിസിയുടെ നേതൃത്വത്തില്‍ കന്യാകുമാരി ജില്ലാ ആശുപത്രിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. 56 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ ജില്ല കാസര്‍കോട് ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 116 പേരില്‍ 18 പേരാണ് കാസര്‍കോട് ആശുപത്രിയില്‍ കഴിയുന്നത്. നേരത്തെ ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉണ്ടായിരുന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍ നിരവധിപ്പേര്‍ ചികിത്സയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത്. തൃശൂര്‍, ആലപ്പുഴ എന്നി ജില്ലകളില്‍ ഒരാള്‍ പോലും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മൂന്ന്പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 15 പേര്‍ രോഗമുക്തരായി. രോഗം സ്ഥീരികരിച്ച മൂന്ന് പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
480 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21, 725 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ വീടുകളില്‍ 21, 243 പേരും ആശുപത്രികളില്‍ 452 പേരും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയച്ചു. 20,830 ഫലങ്ങളും നെഗറ്റീവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates