തിരുവനന്തപുരം : എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് ഇടതുമുന്നണിയിലേക്ക്. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.
നേരത്തെ മുന്നണിമാറ്റത്തില്‍ ഇടഞ്ഞുനിന്ന കെപിമോഹനന്‍, മനയത്ത് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ചതോടെയാണ് മുന്നണി മാറ്റ തീരുമാനം സുഗമമായത്. പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരും ഇടതുമുന്നണിയില്‍ ചേരാനുള്ള തീരുമാനത്തെ പിന്തുണച്ചു. എല്‍ഡിഎഫില്‍ ചേരാനുള്ള അനുയോജ്യമായ സമയമാണ് ഇതെന്ന് യോഗത്തില്‍ സംസാരിച്ച എം പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.
ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്ജ് സെക്രട്ടേറിയറ്റ് യോഗശേഷം അറിയിച്ചു. അതേസമയം മുന്നണി മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സില്‍ യോഗശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് ജെഡിയു നേതാവ് ഷേക്ക് പി ഹാരിസ് വ്യക്തമാക്കി. കൂത്തുപറമ്പ് സീറ്റ് വീണ്ടും നല്‍കാം എന്നതടക്കമുള്ള വാഗ്ദാനത്തെ തുടര്‍ന്നാണ് കെ പി മോഹനന്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഇടതുമുന്നണിയില്‍ ചേക്കേറുന്നത് സംബന്ധിച്ച് ജെഡിയു നേതൃത്വം നേരത്തെ തന്നെ സിപിഎമ്മുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് തന്നെ നല്‍കുക, വടകര അല്ലെങ്കില്‍ കോഴിക്കോട് ലോക്‌സഭ സീറ്റ്, ഏഴ് നിയമസഭാ സീറ്റ് തുടങ്ങിയവയാണ് ജെഡിയു സിപിഎമ്മിനു മുന്നില്‍ വെച്ച ഡിമാന്‍ഡുകളെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates