എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും വനിതാ മതിലിനൊപ്പം സാംസ്‌കാരിക ലോകം നില്‍ക്കേണ്ടതുണ്ടെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ദീപമെന്നത് ഇരുട്ടിലേക്ക് നയിക്കുന്ന പ്രതീകമാകുന്ന കാലത്ത് മതിലെന്നത് ഇരുട്ടിനെ ചെറുക്കാനുള്ള വലിയ കോട്ട തന്നെയാണെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്നാണ് ദീപങ്ങള്‍ കൊളുത്തുമ്പോള്‍ വലിയ മനുഷ്യര്‍ സങ്കല്പിച്ചിരുന്നത്. എന്റെയുള്ളിലെ സൂര്യന്‍ അണയാത്തിടത്തോളം ഞാനെന്തിനു സന്ധ്യക്ക് ദീപം തെളിയിക്കണം എന്നാണ് കാക്കശ്ശേരി ഭട്ടതിരി ചോദിച്ചത്. ദീപമില്ലാതെ തന്നെ വെളിച്ചവും കാറ്റും കടക്കുന്ന ശ്രീകോവില്‍ എന്നാണ് ശാരദാ ക്ഷേത്രം രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഗുരു വെളിച്ചത്തെ വിഭാവനം ചെയ്തത്. അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ
അവരൊക്കെ വിഭാവനം ചെയ്ത വെളിച്ചത്തിന് എന്തൊരു വെളിച്ചമായിരുന്നു!!
എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും വനിതാ മതിലെന്ന ആശയത്തിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും അതു തന്നെ. അനാചാരങ്ങളുടെ ഇരുട്ടിലേക്ക് തിരികെപ്പോകുന്ന ജനതയെ ഏതുവിധവും തടയണം. എന്തിനായിരുന്നു എഴുത്തഛനും കുമാരനാശാനും രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ മതിലുകളായത്? അതിന്റെ തുടര്‍ച്ചക്കായി സാംസ്‌കാരിക ലോകം ഒറ്റക്കെട്ടായി അണിനിരക്കണം. ഇതൊരു ദൗത്യമാണ്.
ദീപമെന്നത് ഇരുട്ടിലേക്ക് നയിക്കുന്ന പ്രതീകമാകുന്ന കാലത്ത്, മതിലെന്നത് ഇരുട്ടിനെ ചെറുക്കാനുള്ള വലിയ കോട്ട തന്നെയാണ്. ഇരുട്ടിന്റെ കോട്ടക്കെതിരെ തീര്‍ക്കുന്ന വെളിച്ചത്തിന്റെ വലിയ കോട്ട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates