Kerala

'നിരന്തരം ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' ; ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തും

ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള നടപടി സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനെ സംസ്ഥാന സര്‍ക്കാര്‍ തരംതാഴ്ത്തും. എഡിജിപിയായാണ് തരംതാഴ്ത്തുക. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന്  ആരോപിച്ചാണ് നടപടി. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി. ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും.

നിരന്തരമായി ജേക്കബ് തോമസ് ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ്, സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള നടപടി സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്.

ഏറെക്കാലം സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ മുമ്പാണ് മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിച്ചത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ അപ്രീതിക്ക് ഇടയായത്. ഇതിനിടെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയതും സര്‍ക്കാരിനെ ചൊടിപ്പിച്ചു.

സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ പുസ്തകം ഇറക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടണമെന്ന ചട്ടം ലംഘിച്ചു എന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ, ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു തവണയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

രണ്ടു വര്‍ഷത്തോളം സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ്, സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ  കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കി. ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തത്.

എന്നാല്‍ പൊലീസ് സേനയ്ക്ക് പുറത്ത് മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എംഡിയായിട്ടായിരുന്നു നിയമിച്ചത്. ഈ നടപടിയെയും ജേക്കബ് തോമസ് പരിഹസിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് മെയ് 31 നാണ് വിരമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം