Kerala

'പറ്റിക്കാന്‍ പറയുവാണോ... കേട്ടപാടേ വിശ്വാസം വരാതെ അച്ഛന്റെ ചോദ്യം', ഊണ് കഴിക്കാന്‍ പോകുന്ന വഴി ടിക്കെറ്റെടുത്തു; അമലിന് ഒരു കോടിയുടെ ഭാഗ്യം വന്ന വഴി

ലോട്ടറിക്കാരന്റെ പക്കല്‍ ആകെ ഉണ്ടായിരുന്ന രണ്ട് ലോട്ടറി ടിക്കറ്റുകള്‍ എടുത്തപ്പോള്‍ അമല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാഗ്യദേവതയുടെ കടാക്ഷം തന്നെ തേടി എത്തുമെന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പറ്റിക്കാന്‍ പറയുവാണോ..., ഒരു കോടിയുടെ ലോട്ടറി അടിച്ചെന്ന് മകന്‍ വിളിച്ചു പറയുമ്പോള്‍ കേട്ടപാടേ വിശ്വസിക്കാന്‍ കഴിയാതിരുന്ന അച്ഛന്റെ ആദ്യ പ്രതികരണമാണിത്. പൈസ വെറുതെ കളയുന്നു എന്ന് പറഞ്ഞ് വല്ലപ്പോഴും ലോട്ടറി എടുത്താല്‍ പോലും വഴക്ക് പറയുന്ന വീട്ടുകാര്‍ക്ക് ഇനി അമല്‍ അഭിമാനമാണ്. സ്വന്തമായി ഒരു വീടും സ്ഥലവും വാങ്ങണമെന്നും തുടര്‍ന്ന് പഠിക്കണമെന്നുമാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയ അമലിന്റെ ആഗ്രഹം.

ലോട്ടറിക്കാരന്റെ പക്കല്‍ ആകെ ഉണ്ടായിരുന്ന രണ്ട് ലോട്ടറി ടിക്കറ്റുകള്‍ എടുത്തപ്പോള്‍ അമല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാഗ്യദേവതയുടെ കടാക്ഷം തന്നെ തേടി എത്തുമെന്ന്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് ഈ കണ്ണൂര്‍ക്കാരന് ഭാഗ്യം കൈവന്നത്. കെഎ 478912 എന്ന നമ്പറാണ് ഒരു കോടിയുടെ ഭാഗ്യം അമലിന് നേടികൊടുത്തത്.

പയ്യാവൂര്‍ കുന്നത്തൂര്‍പാടിയിലെ ചെരുവുകാലായില്‍ വര്‍ഗീസ്-ലൈസ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അമല്‍. വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കാറുള്ള തനിക്ക് ഒരുകോടി ലഭിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അമല്‍ പറയുന്നു. എറണാകുളത്തെ കാക്കനാട് നിന്നാണ് അമല്‍ ഭാഗ്യക്കുറി എടുത്തത്.അച്ഛന്‍ വര്‍ഗീസ് വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനാണ്. അമലിന് ഒരു ചേച്ചിയും അനുജത്തിയും ഉണ്ട്. ചേച്ചി വിവാഹിതയാണ്. അനുജത്തി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് പയ്യാവൂര്‍ സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.

പ്ലസ് ടു പഠനത്തിന് ശേഷം ഐടിഐ കഴിഞ്ഞ അമല്‍ ഇപ്പോള്‍, എറണാകുളത്തെ കൈരളി ബേക്കറിയില്‍ ജോലി ചെയ്യുകയാണ്. ഇതിന് മുമ്പ് തിരുവനന്തപുരത്തെ ഒരു കമ്പനിയില്‍ അമല്‍ ജോലി ചെയ്തിരുന്നു. ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക നിബന്ധനകള്‍ ഒന്നും തന്നെ അമലിനില്ല. കയ്യില്‍ കാശുണ്ടെങ്കില്‍ ഈ ഇരുപത്തൊന്നുകാരന്‍ ലോട്ടറി എടുത്തിരിക്കും.

നറുക്കെടുപ്പിന് തലേദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോകുന്ന വഴിയാണ് രണ്ട് ലോട്ടറികളുമായി കച്ചവടക്കാരന്‍ അമലിന്റെ അടുത്ത് എത്തിയത്. ആ രണ്ട് ടിക്കറ്റുകളും വാങ്ങിയ അമല്‍, അതിലൊന്ന് ഒപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശിക്ക് കൊടുത്തു. ഇയാള്‍ക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ചിട്ടുണ്ട്. ഭാഗ്യം തുണച്ചുവെന്ന് ലോട്ടറിക്കാരനാണ് അമലിനെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം