Kerala

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; അലംഭാവം കാട്ടിയവര്‍ക്ക് എതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഇവിടെ കുട്ടികള്‍ പറയുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്ക് പാമ്പു കടിയേറ്റത് വളരെ നിസാരമായിട്ടാണ് സ്‌കൂള്‍അധികൃതര്‍ കണ്ടതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. താന്‍ വരുന്നതിന് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ നില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആശുപത്രി അധികൃതര്‍ ആന്റിവെനം നല്‍കാന്‍ തയ്യാറായില്ല.

'മൂന്നര മണി കഴിഞ്ഞപ്പോഴാണ് സ്‌കൂളില്‍ നിന്ന് ഫോണ്‍ കോള്‍ വന്നത്. പത്തുമിനിറ്റിനകം സ്‌കൂളില്‍ എത്തി. ലീഗല്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സമയത്താണ് വിളിച്ചത്. അവിടെ നിന്ന് പത്തുമിനിറ്റ് കൊണ്ട് എത്താവുന്ന ദൂരമേയുളളൂ സ്‌കൂളിലേക്ക്. സ്‌കൂളില്‍ കുട്ടിയെ കാണുമ്പോള്‍ കാലു കെട്ടിവെച്ച നിലയിലായിരുന്നു. കാലിന് താഴെ പാമ്പ് കടിച്ചതിന്റെ പാടും കണ്ടു. കാലിന് നീലനിറമായിരുന്നു. നീലനിറം കണ്ടപ്പോള്‍ തന്നെ പാമ്പ് കടിച്ചതാണെന്ന് സംശയം തോന്നിയിരുന്നു.' അച്ഛന്‍ പറയുന്നു.

'3.15നോടനുബന്ധിച്ചാണ് ഇത് സംഭവിച്ചിരിക്കുന്നത്. കുട്ടിയെ തോളത്ത് എടുത്തിട്ട് അസംഷന്‍ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. കാഷ്യാലിറ്റിയില്‍ കുട്ടിയെ കയറ്റി. പാമ്പ് കടിച്ച പാടാണിതെന്നും ഇവിടെ ആന്റി വെനം ഇല്ലെന്നും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. അവിടത്തെ ജൂനിയര്‍ ഡോക്ടറാണ് ഇക്കാര്യം പറഞ്ഞത്. ഓട്ടോയില്‍ തന്നെ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയും കാഷ്യാലിറ്റിയില്‍ തന്നെയാണ് കാണിച്ചത്. അവിടെ ഒരു ജൂനിയര്‍ ഡോക്ടര്‍ ഉണ്ടായിരുന്നു. പാമ്പ് കടിച്ചതിന്റെ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നതായും ഡോക്ടറോട് പറഞ്ഞു.'

'ആന്റിവെനം കൊടുക്കണമെങ്കില്‍ നിരീക്ഷണത്തില്‍ വെയ്ക്കാതെ പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം ഒബ്‌സര്‍വേഷനില്‍ കിടത്തണമെന്ന് പറഞ്ഞു.  അതിനിടെ രക്തം കുത്തിയെടുത്ത് പരിശോധനയ്ക്ക് അയച്ചു. 20 മിനിറ്റ് കഴിഞ്ഞ് റിസല്‍റ്റ് വരുമെന്ന് പറഞ്ഞു. അതിനിടെ കുട്ടി ഛര്‍ദിച്ചു. ഇതോടെ ഇവിടെ നിര്‍ത്തിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും ഡോക്ടര്‍ പറഞ്ഞു. കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആന്റിവെനം കൊടുക്കണമെന്ന് ഞാന്‍ ഡോക്ടറോട് നിര്‍ബന്ധിച്ചു. അത് പറ്റില്ലെന്നും അതിനെല്ലാം കുറെ പ്രോസസ്സുകള്‍ ഉണ്ടെന്നും പറഞ്ഞു.'

'നിങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞ് ആംബുലന്‍സ് വിളിച്ചുതന്നു. മെഡിക്കല്‍ കോളജിലേക്ക് റഫറന്‍സ് എഴുതിത്തന്നു ഞങ്ങളെ പറഞ്ഞയച്ചു.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി കല്‍പ്പറ്റ കഴിഞ്ഞപ്പോള്‍ തന്നെ കുട്ടിയുടെ നില കൂടുതല്‍ വഷളായി.
ആംബുലന്‍സ് െ്രെഡവര്‍ താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ചു. വൈത്തിരി ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു. പിന്നീട് അവിടെ പോയി. ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. ചേലോട് ആശുപത്രിയില്‍ വിഷ ചികിത്സയുണ്ട്, അവിടേയ്ക്ക് പോകാന്‍ നിര്‍ദേശിച്ചു. അപ്പോഴേക്കും കുട്ടി ശ്വാസം നിലക്കാറായ അവസ്ഥയിലായിരുന്നു. അവര്‍ ഒരുപാട് ശ്രമിച്ചു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണം സംഭവിച്ചു'

'താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് പാമ്പു കടിയേറ്റത് സീരിയസായി കണ്ടില്ല. അവിടെ വണ്ടിയുണ്ടായിരുന്നു. അവര്‍ക്ക് തന്നെ കാത്തുനില്‍ക്കാതെ, കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമായിരുന്നു. അവര്‍ കാര്യങ്ങള്‍ സില്ലിയായി എടുത്തു'  അച്ഛന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT