Kerala

'പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാം'; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിൽ ഒന്നിച്ചുനിന്ന് പ്രതിരോധം തീർക്കുന്നതിലെ സന്തോഷം പങ്കുവച്ചാണ് മുഖ്യമന്ത്രിയുടെ  സ്വാതന്ത്ര്യദിനാശംസ. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് ഒപ്പം ഇനിയും സഞ്ചരിക്കേണ്ടിവരും എന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 

"ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതിന്റെ പിൻബലത്തിലാണ് വലിയ തോതിലുള്ള വികസനവും സർവ്വ മേഖലയിലുമുള്ള വലിയ മുന്നേറ്റവും ഇനിയും നമുക്ക് ആർജിക്കേണ്ടത്. മുഴുവൻ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ നമുക്കൊന്നായി കൈകോർക്കാം", സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. 

കുറിപ്പിന്റെ പൂർണരൂപം

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്.

നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി.

വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയർച്ചയിലേയ്ക്കുള്ള വാതിൽ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികൾ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂർത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നതിനും സാധിച്ചു. ജനപിന്തുണയോടെയാണ് ഇതെല്ലാം സാധ്യമാക്കിയത് എന്നതാണ് സർക്കാരിന്റെ അഭിമാനം.

കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അർത്ഥം. ഭേദ ചിന്തകൾക്ക് അതീതമായി മാനവികത വളർത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം. ദളിത് ന്യൂനപക്ഷ പിന്നോക്ക ദുർബല വിഭാഗങ്ങളെ കൈപിടിച്ചുയർത്തി നമുക്കു മുൻപോട്ടു പോകേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല.

സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്കാകെ ഈ മഹാമാരിയുടെ കാലത്തും ആശ്വാസമേകാൻ സർക്കാരിനായിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതിന്റെ പിൻബലത്തിലാണ് വലിയ തോതിലുള്ള വികസനവും സർവ്വ മേഖലയിലുമുള്ള വലിയ മുന്നേറ്റവും ഇനിയും നമുക്ക് ആർജിക്കേണ്ടത്.

മുഴുവൻ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ നമുക്കൊന്നായി കൈകോർക്കാം. ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സർവ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം.

സ്വാതന്ത്ര്യദിനാശംസകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT