തിരുവനന്തപുരം: കോന്നിയിലെ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ഉടമകളായ തോമസ് ഡാനിയേൽ, ഭാര്യ പ്രഭാ ഡാനിയേൽ എന്നിവർ പിടിയിൽ. തോമസ് ഡാനിയേൽ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും പ്രഭാ ഡാനിയേൽ മാനേജിങ് പാർട്ണറുമാണ്. പത്തനംതിട്ട പൊലീസ് ചങ്ങനാശ്ശേരിയിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സാമ്പത്തിക തട്ടിപ്പിൽ വിദേശ രാജ്യങ്ങളിലും ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതിനാൽ ഇന്റർപോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. നിക്ഷേപമായി സ്വീകരിച്ച വൻ തുക മടക്കി നൽകാതെ ഉടമകൾ മുങ്ങിയതോടെയാണ് നിക്ഷേപകർ പരാതികളുമായി രംഗത്തെത്തിയത്. തുടർന്ന് സ്ഥാപന ഉടമകൾക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
നേരത്തെ തോമസ് ഡാനിയേലിന്റെ രണ്ട് മക്കൾ ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇരുവരെയും കേരള പൊലീസ് ശനിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുഖ്യ പ്രതികളായ തോമസ് ഡാനിയേലും ഭാര്യയും ചങ്ങനാശ്ശേരിയിൽ നിന്ന് പിടിയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates