Kerala

പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി; 350 കോടിയുടെ ഉപകരണങ്ങള്‍ തകര്‍ന്നു; 470 കോടിയുടെ വരുമാനനഷ്ടം

പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി; 350 കോടിയുടെ ഉപകരണങ്ങള്‍ തകര്‍ന്നു; 470 കോടിയുടെ വരുമാനനഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പേമാരിയിലും പ്രളയത്തിലും കെഎസ്ഇബിക്ക് 820 കോടിയുടെ നഷ്ടം. 350 കോടി രൂപയുടെ ഉപകരണങ്ങള്‍ താറുമാറായി. 470 കോടി രൂപ വരുമാനനഷ്ടമുണ്ടായതായും കെഎസ്ഇബി അറിയിച്ചു. 28 സബ്.സ്‌റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.5 ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. 1200 ട്രാന്‍സ്‌ഫോമറുകള്‍ വെള്ളത്തിനടിയിലാണെന്നും കെഎസ്ഇബി അറിയിച്ചു

വൈദ്യുതി വിതരണ മേഖലയില്‍ പതിനായിരം ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത് വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്.വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇപ്പോളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

വൈദ്യുതി വിതരണ സംവിധാനം തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുന:സ്ഥാപിക്കും.തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാന്‍ 'മിഷന്‍ റീകണക്റ്റ്' എന്ന പേരില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും.

കൂടാത കല്പറ്റ, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും, പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനവും ലഭ്യമാക്കും.

അതോടൊപ്പം തമിഴ്.നാട്, കര്‍ണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരെയും ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കമുള്ള സാധനങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍.ടി.പി.സി, റ്റാറ്റാ പവര്‍, എല്‍ & ടി, സീമന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിന് മുമ്പായി വയറിംഗ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷന്‍ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കും. ഇക്കാര്യത്തില്‍ ഇലക്ട്രീഷ്യന്‍മാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാന്‍ പ്രാദേശികമായ ഇടപെടല്‍ അത്യാവശ്യമാണ്.

കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താല്‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൌജന്യമായി അവ സ്ഥാപിച്ച് നല്‍കും. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൌജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.

വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍സ്‌ഫോര്‍ സ്‌റ്റേഷനുകള്‍ പുനരുദ്ധരിക്കുന്ന ജോലികള്‍ക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകള്‍ കുടിവെള്ള പമ്പിംഗ് സ്‌റ്റേഷനുകള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന്‍ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍ഗണനയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിട്ടുള്ളത്.

വൈദ്യുതി വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വൈദ്യുതി ബോര്‍ഡും ജീവനക്കാരും അവധി ദിവസങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാകും ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്