തിരുവനന്തപുരം : മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഈ താരുമാനമെടുത്തത്. തീരപരിപാലനചട്ടം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ചതിന് കേസെടുത്ത് ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി ഫ്ലാറ്റിലെ താമസക്കാർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമകളെ പുരനധിവസിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
മരട് വിഷയത്തിൽ സുപ്രിംകോടതിയിലുണ്ടായ സംഭവവികാസങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ഫ്ലാറ്റുകൾ പൊളിക്കാതെ നിവൃത്തിയില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തുടർന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള പദ്ധതികളും ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. മൂന്നുമാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള പദ്ധതി രൂപരേഖയാണ് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചത്.
അതിനിടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഇതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥനായ ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് ചുമതലയേറ്റു. നഗരസഭ സെക്രട്ടറിയുടെ ചുമതലയോടെയാണ് സ്നേഹിൽ കുമാറിനെ നിയമിച്ചത്. ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കാൻ ജലഅതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത് 3 ദിവസത്തിനകം നടപ്പാക്കാൻ മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. പാചകവാതക കണക്‌ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്കു കത്തു നൽകും.
ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം.മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒക്ടോബർ നാലിന് പൊളിച്ചുതുടങ്ങുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. 60 ദിവസത്തിനകം പൂർത്തിയാക്കനാണ് പദ്ധതി. ഫ്ളാറ്റ് പൊളിക്കുന്നതിന് പത്തിന കർമപദ്ധതിയാണ് തയ്യാറാക്കിയത്. തീരപരിപാലന നിയമം ലംഘിച്ചു മരട് നഗരസഭയിൽ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികളും ആരംഭിച്ചു. 1991 മുതലുള്ള നിർമാണങ്ങളിൽ നിയമ ലംഘനം ഉള്ളവയുടെ പട്ടികയാണു തയാറാക്കുന്നത്.
ഈ നടപടികളെല്ലാം ഉൾപ്പെടുത്തി ഇന്നുതന്നെ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ മുഖേന സുപ്രീം കോടതിയിൽ അടിയന്തര സത്യവാങ്മൂലം നൽകും. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുന്നോടിയായാണ് നടപടികൾ. അടിയന്തര നടപടികളെടുത്ത് അവ പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താനാണ് സുപ്രീം കോടതിയിൽ ഹാജരായ ഹരീഷ് സാൽവെ ഉൾപ്പെടെയുള്ളവർ നിർദേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates