തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡിലുള്ള പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനായി പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇതിനായി കോടതിയില്‍ ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്തിനു പിടിയിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ടു ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സ്വര്‍ണക്കടത്ത് സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആയതിനാല്‍ അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി വീണ്ടും എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐയില്‍ നിന്നും പ്രതികളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ബാലഭാസ്‌കറിന്റെ മരണ ശേഷം പ്രകാശ് തമ്പി ഒട്ടേറെ തവണ വിദേശയാത്ര നടത്തിയതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, അപകടസമയത്തു ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് ഉറപ്പുവരുത്താന്‍ ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. വാഹനത്തിലെ മുടിയിഴകള്‍ പരിശോധിച്ചായിരിക്കും തെളിവെടുപ്പ്.
ബാലഭാസ്‌കര്‍ തന്നെയാണു കാര്‍ ഓടിച്ചിരുന്നതെന്നു ഡ്രൈവര്‍ അര്‍ജുനും ഡ്രൈവറാണ് ഓടിച്ചിരുന്നതെന്നാണ് ലക്ഷ്മിയും മൊഴി നല്‍കിയത്. അര്‍ജുന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. അപകട സ്ഥലത്ത് അസ്വാഭാവികമായി ചിലതു കണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെയും ചോദ്യം ചെയ്‌തേക്കും. അപകടത്തിലെ ദുരൂഹതയെക്കുറിച്ചു ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ പരാതി പരിഗണിച്ചാണു സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വാഹനം ഓടിച്ചിരുന്നയാളെ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തിയതു വിജയമായില്ല.
2018 സെപ്റ്റംബര്‍ 25ന് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്താണ് അപകടം നടന്നത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് ആശുപത്രിയിലും മരിച്ചു. ഗുരുതരമായ പരിക്കുകളോടെയാണ് ലക്ഷ്മി രക്ഷപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates