തിരുവനന്തപുരം : അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, അരൂരില്‍ അഡ്വ. മനു സി പുളിക്കന്‍, കോന്നിയില്‍ അഡ്വ കെ യു ജിനീഷ് കുമാര്‍, വട്ടിയൂര്‍ക്കാവില്‍ അഡ്വ വി കെ പ്രശാന്ത് എന്നിവരാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍. എറണാകുളത്ത് അഡ്വ. മനു റോയിക്ക് ഇടതുമുന്നണി പിന്തുണ നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍ റേ. അധ്യാപകസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ സി എച്ച് കുഞ്ഞമ്പുവിന്റെ പേര് ഉയര്‍ന്നുകേട്ടെങ്കിലും പ്രാദേശിക പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് ശങ്കര്‍ റേയെ തീരുമാനിച്ചതെന്നാണ് സൂചന. ഭാഷാ ന്യൂനപക്ഷ വിബാഗത്തില്‍പ്പെട്ടയാളാണ് ശങ്കര്‍ റേ. യക്ഷഗാന കലാകാരനാണ്. തുളു അക്കാദമി ഭാരവാഹിയുമാണ്.
അരൂരില്‍ സ്ഥാനാര്‍ത്ഥിയായ മനു സി പുളിക്കന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കോന്നിയിലെ അഡ്വ കെ യു ജിനീഷ് കുമാറും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ്. വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ വി കെ പ്രശാന്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാണ്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് എറണാകുളത്തെ ഇടതുസ്ഥാനാര്‍ത്ഥിയായ അഡ്വ. മനു റോയി. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ്.
സ്വതന്ത്രനായി മല്‍സരിക്കുന്ന മനു റോയിക്ക് പിന്തുണ നല്‍കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം പുതുമുഖങ്ങളാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സാമുദായിക സമവാക്യങ്ങള്‍ നോക്കിയല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യമില്ല ഇപ്പോഴുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് മല്‍സരിക്കുന്നത്. ബിഡിജെഎസ് വേറൊരു മുന്നണിയിലാണ്. അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ബിഡിജെഎസും എസ്എന്‍ഡിപിയും രണ്ടും രണ്ടാണ്. എന്‍എസ്എസ് അടക്കം എല്ലാ സമുദായങ്ങളുമായും മതവിഭാഗങ്ങളുമായും സിപിഎമ്മിനും ഇടതുപക്ഷത്തിനും പ്രശ്‌നങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പില്‍ എല്ലാവരുടേയും പിന്തുണ തേടും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാലു മണ്ഡലങ്ങളും യുഡിഎഫിന്‍രെ സിറ്റിങ് സീറ്റുകളാണ്. ബൂത്ത് തലം വരെയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ പൂര്‍ത്തീകരിക്കും. അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates