തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദ ഇന്‍സള്‍ട്ട്' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകീട്ട് 6 മണിക്കാണ് പ്രദര്‍ശനം. മാധബി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് 'കിംഗ് ഓഫ് പെക്കിംഗ്', കൈരളിയില്‍ 'ഹോളി എയര്‍', 10.15 ന് കലാഭവനില്‍ 'വുഡ് പെക്കേഴ്‌സ്', ശ്രീയില്‍ 'ഡോഗ്‌സ് ആന്റ് ഫൂള്‍സ്', 10.30 ന് നിളയില്‍ 'ദ ബ്ലസ്ഡ്' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാകും നടക്കുക.
14 തിയേറ്ററുകളിലായി ആകെ 445 പ്രദര്‍ശനങ്ങളുള്ള മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്ക് പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചോ റിസര്‍വ് ചെയ്യാം. വേദികളില്‍ സജ്ജമാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി രാവിലെ എട്ടു മുതല്‍ വൈകീട്ട് ഒന്‍പതുവരെ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. ഒരു പാസില്‍ ദിവസം മൂന്ന് സിനിമകള്‍ക്ക് റിസര്‍വ് ചെയ്യാം. റിസര്‍വേഷനില്‍ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല. റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ എത്താത്ത സാഹചര്യത്തില്‍ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും. ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി റാമ്പുള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നില്‍ക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. അലക്‌സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോ ഫോനിയ, മഹ്മല്‍ സലെ ഹാറൂണിന്റെ െ്രെഡ സീസണ്‍ എന്നിവയാണ് റെട്രോസ്‌പെക്ടീവ്, കണ്ടംപററി വിഭാഗങ്ങളില്‍ നിന്നായി ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ എന്നീ തിയേറ്ററുകളിലായി 13 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുക.
സമൂഹത്തിന്റെ അടിസ്ഥാനപരമായ വിലക്കുകള്‍ക്കെതിരെ പോരാടാന്‍ തുനിയുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന സദഫ് ഫറോഖിയുടെ ഇറാനിയന്‍ ചിത്രം ആവ, തെരേസ വില്ലവെയര്‍ദയുടെ പോര്‍ച്ചുഗല്‍ ചിത്രം കോളോ, അലി മുഹമ്മദ് ഖസേമിയുടെ ഇറാനിയന്‍ ചിത്രം ഡോഗ്‌സ് ആന്റ് ഫൂള്‍സ്, വിശുദ്ധ നാട്ടില്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ അറബ് ന്യൂനപക്ഷ വംശജരുടെ കഥ പറയുന്ന ഷാദി സ്രോറിന്റെ ഇസ്രായേലി ചിത്രം ഹോളി എയര്‍, പൗലോ തവിയാനി, വിറ്റോറിയോ തവിയാനി എന്നിവരുടെ ഇറ്റാലിയന്‍ ചിത്രം റെയിന്‍ബോ എ െ്രെപവറ്റ് അഫയര്‍, ദുര്‍മന്ത്രവാദിനിയായി മുദ്രകുത്തപ്പെട്ട 8 വയസുകാരി ഷുലയുടെ കഥ പറയുന്ന റുങ്കാനോ നയോനിയുടെ ബ്രിട്ടീഷ് ചിത്രം ഐ ആം നോട്ട് എ വിച്ച്, കാലിന്‍ പീറ്റര്‍ നെറ്റ്‌സെറിന്റെ റുമേനിയന്‍ ചിത്രം അന, മോണ്‍ ആമോര്‍ സാം വൗറ്റസിന്റെ ചൈനീസ് ചിത്രം കിങ് ഓഫ് പെക്കിങ്, സിനിമയ്ക്കുള്ളിലെ സിനിമയുടേയും സംവിധായികയായ ഇറാനിയന്‍ സ്ത്രീയുടെയും കഥ പറയുന്ന ഷിറിന്‍ നെഷത്ത്, ഷോജ അസറി എന്നിവരുടെ ജര്‍മ്മന്‍ചിത്രം ലുക്കിംഗ് ഫോര്‍ ഔം കുല്‍ത്തും, സോഫിയ ഡാമയുടെ ഫ്രഞ്ച് ചിത്രം ദ ബ്ലസ്ഡ്, ജോനല്‍ കോസ്‌കുള്വേലയുടെ ക്യൂബന്‍ ചിത്രം എസ്തബന്‍, ജോസ് മരിയ കാബ്രലിന്റെ ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രം വുഡ് പെക്കേഴ്‌സ്, റെയ്‌നര്‍ സാമറ്റിന്റെ എസ്‌റ്റോണിയന്‍ ചിത്രം നവംബര്‍ എന്നിവയാണ് ലോക സിനിമാവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates