Kerala

'രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല' ; സിപിഎം രാമായണ മാസം ആചരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സച്ചിദാനന്ദന്‍

'രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല' ; സിപിഎം രാമായണ മാസം ആചരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് സച്ചിദാനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാമായണമാസം ആചരിക്കുന്നതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്ന് കവി സച്ചിദാനന്ദന്‍. ഇന്ത്യയിലെ രാമായണ പാരമ്പര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികള്‍ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിന്നെതിരെ ഇന്ത്യന്‍ ജനസംസ്‌കൃതിയുടെ നാനാത്വം ജനങ്ങളില്‍ എത്തിക്കാന്‍ ഇത് നല്ല അവസരമാണെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ രാമായണ മാസാചരണം നടപ്പ് ആചാരത്തിന്റെ വഴിയില്‍ തന്നെയെങ്കില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുകയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി.

രാമായണം ഒരു ദക്ഷിണേഷ്യന്‍ പാരമ്പര്യമാണ്, അത് ഹിന്ദുക്കളുടെതു മാത്രമല്ല. ബംഗ്ലാദേശിലെയും മലയേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിച്ചു താന്‍ കണ്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടെ രാമായണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ രാമായണ പാരമ്പര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെല്‍ജിയന്‍ പാതിരി ആയിരുന്ന ഫാദര്‍ കാമില്‍ ബുല്‍ക്കെ ആണ് ( 'രാമകഥ', മലയാളത്തിലും കേരള സാഹിത്യ അക്കാദമി ഇറക്കിയിരുന്നു, ഒരു പുതിയ പതിപ്പ് ആവശ്യം ) . അമേരിക്കന്‍ പണ്ഡിത പോളാ റിച്ച്മാന്‍ ആണ് മറ്റൊരു വലിയ അതോറിറ്റി. ( അവരുടെ മൂന്നു പുസ്തകങ്ങള്‍ രാമായണസംബന്ധിയായി ഉണ്ട്) എഴുത്തച്ഛന്‍ 'അധ്യാത്മ രാമായണം' എഴുതിയത് എല്ലാ മലയാളികള്‍ക്കും വേണ്ടിയാണ്. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്. 

കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണപാഠങ്ങള്‍ ഉണ്ട്. ( പുസ്തകങ്ങള്‍, പാട്ടുകള്‍, പെര്‍ഫോമന്‌സുകള്‍).മുന്നൂറു രാമയണങ്ങളെപ്പറ്റി ഏ കെ രാമാനുജന്‍ എഴുതി, എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ട്. പലതിലും സീത രാവണപുത്രിയോ രാമസഹോദരിയോ ആണ്. വാല്മീകി രാമനെക്കാള്‍ അനീതിക്ക് ഇരയായ സീതയുടെ ഭാഗത്താണ്. ഒരു ഭീലി രാമായണത്തില്‍ യുദ്ധമേ ഇല്ല രാവണന്‍ സീതയെ തിരിച്ചു കൊടുത്തു മാപ്പ് ചോദിക്കുന്നു. രാമന്‍ സന്യാസി ആയതിനാല്‍ ലക്ഷ്മണന്‍ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങനെ ആയിരം രാമായണങ്ങള്‍. 

രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമികേണ്ടത്. അല്ലെങ്കില്‍ അത് തിരിച്ചടിയിലേ കലാശിക്കൂ. ഡല്‍ഹിയില്‍ 'സഫ്ദര്‍ ഹാഷ്മി ട്രസ്റ്റ് ഒരിക്കല്‍ ഒരു നല്ല രാമായണ പ്രദര്‍ശനം നടത്തി. ആര്‍ എസ് എസ്സുകാര്‍ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു, ' രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപെട്ടത് പോലുമല്ല. മുസ്ലീങ്ങളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണത്.- സച്ചിദാനന്ദന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇനി ഹിന്ദുത്വവാദികളുടെ ഒരു മിമിക്രി ആണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍,നിങ്ങള്‍ക്കു ഹാ കഷ്ടം എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT