തിരുവനന്തപുരം: അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് വ്യാജ ഒസ്യത്ത് തയ്യാറാക്കി തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ക്ക് കൂട്ടു നിന്നു എന്ന പരാതിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പൊലീസ് അന്വേഷണം. എഴുപത്തിയൊമ്പതാം വയസ്സില്‍ 2011 മെയ് ആറിന് അന്തരിച്ച ലിങ്കണ്‍ ഏബ്രഹാമിന്റെ പേരിലുള്ള 565.0623 ആര്‍ ഭൂമി തട്ടിയെടുക്കാന്‍ ബന്ധുവിനു വേണ്ടി ഇടനിലക്കാരായി എന്ന പരാതിയിലാണ് സിദ്ദീഖ്, എന്‍ കെ അബ്ദുറഹിമാന്‍, ഹബീബ് തമ്പി എന്നിവര്‍ക്കെതിരേ താമരശേരി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ലിങ്കണ്‍ ഏബ്രഹാമിന്റെ സഹോദരന്‍ കെ എ ഫിലോമെന്‍ നേതാക്കള്‍ക്ക് ഭൂമി എഴുതി നല്‍കിയ തീറാധാരത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് പരാതി. ഈ ഭൂമി കൈമാറ്റം നേതാക്കള്‍ക്കുള്ള പ്രതിഫലമാണോ എന്നുള്‍പ്പെടെയാണ് അന്വേഷണം. 2015 സെപ്റ്റംബര്‍ 22നു താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇവര്‍ക്ക് തീറാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. ഓരോരുത്തര്‍ക്കും 40. 47 ആര്‍ ഭൂമി വീതം നല്‍കി എന്നാണ് രേഖകളില്‍ നിന്നു വ്യക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറി. ഡിജിപിയുടെ നിര്‍ദേശപ്രകാരം താമരശേരി ഡിവൈഎസ്പി അബ്ദുറസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ടി സിദ്ദീഖിന്റെയും മറ്റും ഫോട്ടോ പതിച്ച തീറാധാരപ്പകർപ്പ്
താമരശേരി രാരോത്ത് വില്ലേജ് പരിധിയിലെ സ്വപ്‌ന പ്ലാന്റേഷന്‍ എന്നും അരിയൂര്‍ എസ്‌റ്റേറ്റ് എന്നും അറിയപ്പെടുന്ന എസ്‌റ്റേറ്റും അതിലെ വീടുമാണ് വിവാദത്തില്‍. ലിങ്കണ്‍ ഏബ്രഹാമിന്റെ പിതാവ് കെ എം ഏബ്രഹാമിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനു ഒസ്യത്തു പ്രകാരം നീക്കിവച്ച ഭൂമി വ്യാജ ഒസ്യത്ത് തയാറാക്കി ഫിലോമെന്‍ സ്വന്തമാക്കി എന്നാണ് പരാതി. ഫിലോമെന്റെ അടുത്ത ബന്ധുവും സിദ്ദീഖും തമ്മിലുള്ള സൗഹൃദം മൂലമാണ് സിദ്ദീഖും മറ്റു നേതാക്കളും ഇതില്‍ ഇടപെട്ടത്. ഈ ഇടപെടലും വ്യാജ ഒസ്യത്തും അതിനു പ്രതിഫലമായി കോടികള്‍ വിലവരുന്ന ഭൂമി നല്‍കിയതും ശരിയാണെന്നു തെളിഞ്ഞാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസംതന്നെ ഇവരുടെ മൊഴിയെടുക്കും.
കെ എ ഫിലോമെന്‍ ഏബ്രഹാം ഒസ്യത്തു മാറ്റിത്തയ്യാറാക്കി എന്നും ട്രസ്റ്റിനു ലഭിക്കേണ്ട സ്വത്ത് തട്ടിയെടുത്തുവെന്നും ആരോപിച്ച് കെ എം ഏബ്രഹാം ട്രസ്റ്റ് ഭാരവാഹികളായ ജീന്‍ അര്‍ജ്ജുന്‍ കുമാര്‍, സണ്ണി സോളമന്‍ എന്നിവര്‍ 2015ല്‍ താമരശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതില്‍ തുടര്‍ നടപടി ഉണ്ടായില്ല. അത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. 2010 നവംബര്‍ എട്ടിന് താമരശേരി ടൗണ്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത് പ്രകാരം 565.0623 ആര്‍ ഭൂമി ലിങ്കണ്‍ ഏബ്രഹാമിന്റെ മരണശേഷം തനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് ഫിലോമെന്‍ ഏബ്രഹാം അവകാശപ്പെടുന്നത്. ഇത് സിദ്ദീഖിനും മറ്റും രജിസ്റ്റര്‍ ചെയ്ത തീറാധാരത്തില്‍ വിശദീകരിക്കുന്നുണ്ട്. പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് ഭൂമി എഴുതിവച്ചു എന്നത് വ്യാജ അവകാശവാദമാണെന്നും ഫിലോമെന്‍ വാദിക്കുന്നു. എന്നാല്‍ 2010ലെ ഈ ഒസ്യത്ത് വ്യാജമാണെന്നും അതു നടപ്പാക്കിക്കിട്ടാന്‍ സിദ്ദീഖും മറ്റും കൂട്ടുനിന്നു എന്നുമാണ് ഇപ്പോഴത്തെ പരാതി. കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം നേതാവ് എ എച്ച് ഹഫീസാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അന്വേഷണ സംഘം പരാതിക്കാരനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ടി സിദ്ദീഖിന്റെയും മറ്റു രണ്ടു നേതാക്കളുടെയും പേരിലുള്ള തീറാധാരത്തിന്റെ ആമുഖം
യഥാര്‍ത്ഥ ഒസ്യത്ത് കെ എം ഏബ്രഹാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് എന്ന് അവകാശപ്പെട്ടാണ് ജീന്‍ അര്‍ജ്ജുന്‍ കുമാര്‍, സണ്ണി സോളമന്‍ എന്നിവര്‍ പൊലീസിനെ സമീപിച്ചത്. ലിങ്കണ്‍ ഏബ്രഹാമിന് അവകാശപ്പെട്ടതായിരുന്ന സ്വപ്‌ന പ്ലാന്റേഷന്‍ എന്നും അരിയൂര്‍ എസ്‌റ്റേറ്റ് എന്നും അറിയപ്പെടുന്ന എസ്‌റ്റേറ്റും അതിലെ വീടും വസ്തുവകകളും 2008ലെ 30ാം നമ്പറായി താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത് പ്രകാരം അവകാശം ട്രസ്റ്റിനാണ് എന്ന് രേഖകള്‍ സഹിതമാണ് അവര്‍ അവകാശപ്പെടുന്നത്. ഈ ഒസ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ മരണത്തിനുശേഷമാണ് കെ എം ഏബ്രഹാം ട്രസ്റ്റ് നിലവില്‍ വരേണ്ടത്. അത് പാലിക്കുകയും സ്വത്ത് അതിന്റെ പേരിലാവുകയും ചെയ്തു. എന്നാല്‍ അതുവരെയുള്ള എല്ലാ ഒസ്യത്തുകളും 2010 നവംബറിലെ ഒസ്യത്തു പ്രകാരം റദ്ദായി എന്നാണ് മറുവാദം.
ട്രസ്റ്റ് ഭാരഹികൾ 2015ൽ താമരശേരി പൊലീസിനു നൽകിയ പരാതി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates