ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എന്‍എസ്എസിന്റേതെന്ന് ആരോപിച്ച് സുപ്രിം കോടതിയില്‍ ഹര്‍ജി. പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരെ എന്‍എസ്എസ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷ സമര്‍പ്പിച്ച് ടിപി സിന്ധുവാണ് ഈ വാദം ഉയര്‍ത്തിയത്.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍നിന്നു മാറ്റി നിര്‍ത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്ന് സിന്ധു ഹര്‍ജിയില്‍ പറയുന്നു. പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് സാമൂഹ്യ നീതിക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദൈവത്തില്‍ ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ താന്‍ കാരണമാകുമെന്ന ബോധം കുട്ടികളുടെ മനസില്‍ ഉണ്ടാക്കുന്ന വാദമാണ്, സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. 10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാന്‍ സാധ്യതയുള്ള ആളായി ചിത്രീകയ്ക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യമാണെന്നും സിന്ധു ഹര്‍ജിയില്‍ വാദിക്കുന്നു. താന്‍ 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാണെന്നും സിന്ധു ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ തന്ത്രികുടുംബം പുനപ്പരിശോധനാ ഹര്‍ജി നല്‍കി. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
വിഗ്രഹ ആരാധന ഹിന്ദു മതത്തില്‍ അനിവാര്യം ആണെന്നും പ്രതിഷ്ഠയ്ക്ക് അവകാശം ഉണ്ടെന്നുമുള്ള വാദദമാണ് ഹര്‍ജിയില്‍ തന്ത്രി കുടുംബം മുന്നോട്ടുവച്ചിരിക്കുന്നത്. ഭരണഘടനയുടെ 25 (1) അനുച്ഛേദം പ്രകാരം പ്രതിഷ്ഠയ്ക്ക് ഉള്ള അവകാശം സുപ്രീം കോടതി കണക്കില്‍ എടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
ശബരിമല ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം താഴ്മണ്‍ കുടുംബത്തിന് ആണെന്ന് തന്ത്രി കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates