തിരുവനന്തപുരം : വിദേശ വനിത ലിഗ സ്ക്രോമേനിയുടെ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും. ലിഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേസിൽ മുഖ്യപ്രതികളുടെ അടക്കം അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലർ പൊലീസ് കസ്റ്റഡിയിലുണ്ട്. കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. കൊലപാതകത്തിൽ ഇയാളെ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകൾ മൃതദേഹം കിടന്ന വള്ളിപ്പടർപ്പുകളിൽനിന്ന് ഫോറൻസിക് സംഘത്തിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയിൽനിന്നും നിർണായക തെളിവുകൾ ലഭിച്ചിരുന്നു.വള്ളിപ്പടർപ്പുകളിൽനിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കൽ ബോർഡ് വെള്ളിയാഴ്ച രാത്രിയോടെ സ്ഥിരീകരിച്ചു. ഇതിന്റെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൂടി ലഭിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്.
യോഗ പരിശീലകനെ ലിഗയുമായി വര്‍ക്കലയിലും കോവളത്തും വച്ച് കണ്ടതായി ചിലര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് എത്തിയിരുന്നതായി നാട്ടുകരില്‍ ചിലരും പോലീസിനോട് മൊഴിനല്‍കിയിരുന്നു. മൃതദേഹത്തില്‍ നിന്ന് ലിഗയുടെതല്ലാത്ത ഓവര്‍കോട്ട് കണ്ടെടുത്തിരുന്നു.ഇതുസംബന്ധിച്ച അന്വേഷണമാണ് യോഗ പരിശീലകനിലേക്കെത്തിച്ചത്. ഇയാളെ വര്‍ക്കല ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ഇതിന്റെ പകർപ്പ് സഹോദരി ഇൽസിക്കും കൈമാറിയിട്ടുണ്ട്. എന്നാൽ വിവരങ്ങൽ പുറത്തുവിടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates