Kerala

ലുങ്കിയും ഷര്‍ട്ടും ധരിച്ച് വേഷംമാറി അന്വേഷണം ; സിം ഉപേക്ഷിച്ചെങ്കിലും മൊബൈല്‍ മാറ്റാതിരുന്നത് സഹായമായി ; ടാറ്റൂ ആര്‍ട്ടിസ്റ്റ് ചണ്ഡിരുദ്രയെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

പ്രശ്‌നസാധ്യതയുള്ള കോളനിയായതിനാല്‍ നടപടിക്ക് പിന്തുണ നല്‍കാന്‍ തെലങ്കാന പൊലീസ് വിസമ്മതിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാക്കനാട്ടിലെ ബ്യൂട്ടിപാര്‍ലറിലെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് വിജയ് ശ്രീധറുടെ കൊലപാതകത്തിലെ പ്രതി ചണ്ഡിരുദ്രയെ കേരള പൊലീസ് വലയിലാക്കിയത് അതിസാഹസികമായി. കൊല്ലപ്പെട്ട വിജയും പ്രതി ചണ്ഡിരുദ്രയും സെക്കന്തരാബാദുകാരാണ്. കൊലപാതകം നടന്നതിന്റെ പിറ്റേദിവസം തന്നെ ചണ്ഡിരുദ്ര സ്വദേശമായ സെക്കന്തരാബാദ് സുഭാഷ് നഗറിലെ വൃന്ദാവന്‍ കോളനിയിലെത്തിയിരുന്നു. കോളനിയിലെത്തി മലയാളം ടിവി ചാനല്‍ നോക്കിയാണ് പ്രതി വിജയ് മരിച്ചെന്ന് ഉറപ്പാക്കിയത്.

ശനിയാഴ്ച രാത്രിയാണ് കാക്കനാട് ഇടച്ചിറയിലെ മസ്‌ക്കി ബ്യൂട്ടി പാര്‍ലറില്‍ മനേജരായിരുന്ന വിജയ് ശ്രീധരന്‍ കുത്തേറ്റ് മരിച്ചത്. ഇവിടെ ടാറ്റൂ ആര്‍ട്ടിസ്റ്റായിരുന്ന ചണ്ഡി രുദ്ര ( വെങ്കിടേഷ് 28) വാക്കുതര്‍ക്കത്തിനിടെ വിജയിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യവും മയക്കു മരുന്നും ഉപയോഗിച്ച ശേഷം, തൊഴില്‍ സംബന്ധമായ  കാര്യങ്ങളെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാക്കുതര്‍ക്കത്തിനിടെ, അടുക്കളയിലുണ്ടായിരുന്ന കത്തിയുമായി വിജയ് ആക്രമിക്കാനെത്തി. തുടര്‍ന്ന് നടന്ന മല്‍പ്പിടുത്തത്തിന് ഒടുവില്‍ കത്തി കൈക്കലാക്കി ചണ്ഡിരുദ്ര വിജയിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നാടുവിട്ട ചണ്ഡിരുദ്രയെത്തേടി രണ്ട് സ്‌ക്വാഡ് സെക്കന്തരാബാദിലെത്തി. തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലായി മൂന്നുദിവസം നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.

പ്രശ്‌നസാധ്യതയുള്ള കോളനിയായതിനാല്‍ നടപടിക്ക് പിന്തുണ നല്‍കാന്‍ തെലങ്കാന പൊലീസ് വിസമ്മതിച്ചു. തുടര്‍ന്ന് പ്രദേശത്തെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു പൊലീസ് നീക്കം നടത്തിയത്. ചേരി പ്രദേശമായ സുഭാഷ് നഗറില്‍ പ്രതിയുണ്ടെന്ന് വ്യക്തമായിട്ടും കണ്ടെത്തി കീഴ്‌പ്പെടുത്താന്‍ പൊലീസിന് എട്ടുമണിക്കൂര്‍ വേണ്ടി വന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി മൊബൈല്‍ സിം കളഞ്ഞെങ്കിലും, മൊബൈല്‍ ഫോണ്‍ മാറ്റാതിരുന്നത് പൊലീസിന് സഹായമായി. സൈബര്‍ പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ സദാ നിരീക്ഷണത്തിലാക്കി.

പൊലീസാണെന്ന് സംശയം തോന്നാതിരിക്കാന്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ തെലങ്കാന രജിസ്‌ട്രേഷനുള്ള കാറില്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ സഞ്ചാരം. ചൊവ്വാഴ്ച രാത്രി ഉറക്കമൊഴിച്ചു നടത്തിയ നിരീക്ഷണത്തിനൊടുവില്‍ ബുധനാഴ്ച ഉച്ചയോടെ ചണ്ഡിരുദ്രയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടും വഴി ആയുധം ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഇടച്ചിറയിലെ ബ്യൂട്ടിപാര്‍ലറില്‍ മൂന്നാഴ്ച മുമ്പാണ് കൊല്ലപ്പെട്ട വിജയ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കം മാനേജറായി ജോലിയില്‍ പ്രവേശിച്ചത്. ഈ ബ്യൂട്ടി പാര്‍ലറില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേരാനായി കൊലപാതകത്തിന് രണ്ടുദിവസം മുമ്പാണ് കൊച്ചിയില്‍ എത്തിയതെന്ന് ചണ്ഡിരുദ്ര വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. വിജയിനോട് മുന്‍വൈരാഗ്യം ഇല്ലെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ഒരേ നാട്ടുകാരായ ഇരുവരുടെയും ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT