Kerala

ഹാജര്‍ കുറഞ്ഞതിനാല്‍ പരീക്ഷയ്ക്ക് ഇരുത്തിയില്ല, വിദ്യാര്‍ത്ഥി ജീവനൊടുക്കി; കോളജിലേക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം, സംഘര്‍ഷം

ജസ്പ്രീതിന് 68 ശതമാനത്തോളം ഹാജര്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മൂന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍ രംഗത്തെത്തി. ഹാജര്‍ കുറവുണ്ടായപ്പോള്‍ രണ്ടു തവണയും വിദ്യാര്‍ത്ഥിയെ സഹായിച്ചു. പക്ഷെ മൂന്നാം തവണയും ഹാജര്‍ കുറവു വന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് കൈമാറുകയായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഗോഡ്വിന്‍ രാംദാസ് പറഞ്ഞു. 

രണ്ടു തവണ മാത്രമേ വിദ്യാര്‍ത്ഥികളെ കോളജുകള്‍ക്ക് ഇത്തരത്തില്‍ സഹായിക്കാനാകൂ. മൂന്നാമതും ഇത്തരമൊരു അവസ്ഥ വന്നപ്പോള്‍ വിദ്യാര്‍ത്ഥിയെ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മരിച്ച വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 11 പേരാണ് ഇത്തരത്തില്‍ പരീക്ഷ എഴുതാനാകാതെ നില്‍ക്കുന്നത്. ഇവരെ എല്ലാവരെയും നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നു. കോളജിന് സഹായിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. 

എന്നാല്‍ ജസ്പ്രീതിന് 68 ശതമാനത്തോളം ഹാജര്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല എന്‍സിസിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളുമാണ്. എന്‍സിസി റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കോളജ് അധികൃതര്‍ക്ക് വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അറ്റന്‍ഡന്‍സിന്റെ പേരില്‍ കുട്ടിയെ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ജസ്പ്രീതിനെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

ഉത്തര്‍പ്രദേശിലെ ഹല്‍ദ്വാര്‍ സ്വദേശിയായ ജസ്പ്രീത് സിങ് കഴിഞ്ഞദിവസമാണ് ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ചത്. വേണ്ടത്ര ഹാജര്‍ ഇല്ലാത്തതിനാല്‍ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതാനാകില്ലെന്ന് കോളജ് അധികൃതര്‍ ജസ്പ്രീതിനെ അറിയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍