ഫോട്ടോ : ആല്‍ബിന്‍ മാത്യു 
Kerala

വിദ്യാര്‍ത്ഥിയെ പരിചരിച്ച നഴ്‌സുമാര്‍ അടക്കം പനി ബാധിച്ച അഞ്ചുപേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതലിന്റെ ഭാഗമായി 311 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതലിന്റെ ഭാഗമായി 311 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലുള്ളവരാണ് ഇവര്‍. ഇവരോട് വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പനി ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്‌സുമാരും ഒരു സഹപാഠിയും ഒരു ചാലക്കുടി സ്വദേശിയായ യുവാവുമാണ് ഐസൊലേഷന്‍ വാർഡിൽ നിരീക്ഷണത്തിലുള്ളത്. 

ഈ അഞ്ചുപേരുടെയും സ്രവങ്ങള്‍ ഇന്ന് വിശദ പരിശോധനയ്ക്ക് അയക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനക്കായി സ്രവങ്ങള്‍ അയക്കുന്നത്. അതേസമയം നിപ ബാധിച്ച് കൊച്ചിയില്‍ ചികില്‍സയിലുള്ള വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന്റെ പനി കുറഞ്ഞു. 

നിപയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. തൊടുപുഴയിലും തൃശൂരിലും എറണാകുളത്തും പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളിലും ആരോഗ്യവകുപ്പ് ബോധവത്കരണ ക്യാംപെയ്‌നുകള്‍ നടത്തുന്നുണ്ട്.

അതിനിടെ നിപ പ്രതിരോധ മരുന്ന് ഇന്നെത്തും.  ഓസ്‌ട്രേലിയയില്‍ നിന്നും ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡി മരുന്നാണ് എത്തിക്കുക. ബന്ധുക്കളുടെ അനുമതിയോടെയാരും മരുന്ന് രോഗികളില്‍ ഉപയോഗിക്കുക. പനി ബാധിതരായ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ ഭയാനകമായി ഒന്നുമില്ല. വരും ദിവസങ്ങളില്‍ അതീവശ്രദ്ധ വേണം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കോള്‍സെന്ററില്‍ തിങ്കളാഴ്ച വിവരങ്ങള്‍ അന്വേഷിച്ച്110 ഫോണ്‍ കോളുകള്‍ ലഭിച്ചു. അതില്‍ ഏഴുപേര്‍ക്ക് പനിയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കോള്‍സെന്ററിലൂടെ നല്‍കിയിട്ടുണ്ട്. കോള്‍സെന്റര്‍ 24മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  

നിപ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. നിപ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുടെ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം