പത്തനംതിട്ട: ഓർത്തോഡോക്സ് സഭയിലെ അഞ്ചു വൈദികർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഉറച്ച് യുവതി. പീഡിപ്പിച്ച അഞ്ചു വൈദികർക്കെതിരെയും, ആ സാഹചര്യങ്ങളും വ്യക്തമാക്കി യുവതി സഭാ നേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനൽകി. 10 വർഷം മുമ്പാണ് വൈദികൻ കുമ്പസാര രഹസ്യം ചോർത്തിയതെന്ന് യുവതി സത്യവാങ്മൂലത്തിൽ പറയുന്നു.
മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി നടത്തിയ കുമ്പസാരമാണ് ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാൾ വഴി മറ്റുവൈദികർ ഇതറിയുകയും ഇവരും ലൈംഗിക ചൂഷണം നടത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ വൈദികർക്കെതിരേയാണ് പരാതി. വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരുകളും സത്യപ്രസ്താവനയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്.
വൈദികരെ കൂടാതെ മറ്റ് നാലുപേരും ലൈംഗികമായി ചൂഷണം ചെയ്തതായും സത്യവാങ്മൂലത്തിലുണ്ട്. ഇക്കാര്യം സഭാ അന്വേഷണ കമ്മീഷൻ അംഗമായ വൈദിക ട്രസ്റ്റി ഫാദർ ജോൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു നൽകിയ പരാതിയൊടൊപ്പമാണ് സത്യപ്രസ്താവനയും നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ വൈദികരെ സഭാ നേതൃത്വം ഇടവക ചുമതലകളിൽനിന്ന് താത്കാലികമായി മാറ്റി നിർത്തിയിരുന്നു. കൂടാതെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.
അതിനിടെ, സഭ നിയോഗിച്ച അന്വേഷണ കമ്മിഷൻ പരാതിക്കാരിയുടെ മൊഴിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മേയ് ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവ്, ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന പരാതി സഭാ നേതൃത്വത്തിന് നൽകിയത്. ഒന്നരമാസം പിന്നിട്ടിട്ടും യുവതിയുടെ വാദം കേൾക്കാനും മൊഴിയെടുക്കാനും കമ്മീഷൻ തയ്യാറായിട്ടില്ല. യുവതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സഭാ അന്വേഷണ കമ്മീഷൻ ഇതിന് പറയുന്ന ന്യായം. ഇത് പരാതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates