തിരുവനന്തപുരം: ശബരിമലയിലെ സംഘർഷങ്ങളിൽ പ്രതിഷേധക്കാരെ പൊലീസ് കുടുക്കിയത് പലതരം കെണികളിലൂടെ. സാമൂഹിക മാധ്യമങ്ങളെയാണ് ഇതിലേറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത്. പൊലീസ് വല വിരിച്ചവർക്ക് നിയമ സഹായം നൽകാമെന്നറിയിച്ച് വാട്സാപ്പിൽ പ്രചരിച്ച ഫോൺ നമ്പറാണ് മിക്കവരേയും കുടുക്കിയത്. നിയമ സഹായത്തിന് വിളിക്കാൻ നൽകിയ ഫോൺ നമ്പറുകളിൽ ചിലത് പൊലീസിന്റെയോ പൊലീസുമായി ബന്ധപ്പെട്ടവരുടേതോ ആയിരുന്നു.
നിയമ സഹായത്തിനായി വാട്സ് ആപ്പിൽ നൽകിയ നമ്പറിൽ വിളിച്ചവർ സംഭവം വിശദീകരിക്കുകയും ആരൊക്കെ ഒപ്പം ഉണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പറയുകയും ചെയ്തു. വാട്സാപ്പിൽ വന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തത് പലർക്കും കുടുക്കാവും. ഇവരെ പൊലീസ് തിരയുകയാണ്. നവംബർ അഞ്ചിന് നട തുറക്കുമ്പോൾ എന്തൊക്കെ സമര രീതികളാണ് നടത്തേണ്ടതെന്നും ആരെയൊക്കെ വിളിക്കണമെന്നും അന്വേഷിച്ചുള്ള ഫോൺ വിളികൾ ബിജെപി നേതാക്കൾക്കും ലഭിക്കുന്നുണ്ട്.
അറസ്റ്റ് തുടരുന്നതിനിടെ ഹൈക്കോടതി നൽകിയ മുന്നറിയിപ്പ് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിച്ച് 21 സൈബർ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ പന്ത്രണ്ടും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. ഓഡിയോ ക്ലിപ്പിലൂടെയും മറ്റ് രീതികളിലുമായി സമരാഹ്വാനം ചെയ്തവരും കുടുങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ആഹ്വാനങ്ങൾ ഗ്രൂപ്പുകൾ തോറും പ്രചരിപ്പിച്ചതും സമർക്കാർക്ക് വിനയായി മാറി. സ്ത്രീകളെ തടയാൻ സന്നിധാനത്തേക്ക് പോകാൻ താത്പര്യമുള്ളവർക്ക് വിളിക്കാൻ വാട്സ് ആപ്പ് നൽകിയ ഫോൺ നമ്പറും പൊലീസിന് ഗുണം ചെയ്തു.
അറസ്റ്റിന് പല രീതികൾ അവലംബിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു. ലുക്കൗട്ട് നോട്ടീസിൽപ്പെട്ടവരെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിപിഎം പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചും കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates