കോവിഡ് 19 സ്വയം നിരീക്ഷിച്ച് ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സഹായിക്കുന്നത് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റർ പിന്തുടരരുതെന്ന് ഡോക്ടർ ഷിംന അസീസ്. ഫിലിപ്പീൻസ് ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ പ്രചരിക്കുന്ന ഈ പോസ്റ്റർ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ മുന്നറിയിപ്പ്.
രോഗലക്ഷണങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ലിസ്റ്റ് നമുക്ക് പിന്തുടരാൻ സാധിക്കില്ലെന്നും കപട സുരക്ഷ കണ്ടെത്തി സ്വയം വഞ്ചിതരാകരുതെന്നും ഡോക്ടർ പറയുന്നു. "നമ്മുടെ കോവിഡ് 19 രോഗനിർണയ ഗൈഡ്‌ലൈൻ ഫിലിപ്പീൻസ് DOHൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. അവർ എഴുതിയിരിക്കുന്ന അത്ര ഈസിയായി കോവിഡ് ഡയഗ്‌നോസ് ചെയ്യാൻ സാധിക്കില്ല. നമ്മുടെ രോഗനിർണയത്തിന് കൃത്യമായ പ്രോട്ടക്കോൾ ഉണ്ട്", കുറിപ്പിൽ പറയുന്നു.
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
'കോവിഡ് 19 രോഗം ലക്ഷണങ്ങൾ നോക്കി കൊണ്ട് സ്വയം നിരീക്ഷിച്ച് ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സഹായിക്കുന്നത്' എന്ന പേരിൽ ഫിലിപ്പീൻസ് ആരോഗ്യമന്ത്രാലയത്തിന്റെ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നത് കണ്ടു. മെഡിക്കൽ വിദ്യാർത്‌ഥികൾ പോലും ഇത് ഏറെ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്. ശ്രദ്ധിക്കൂ, നമ്മുടെ കോവിഡ് 19 രോഗനിർണയ ഗൈഡ്‌ലൈൻ ഫിലിപ്പീൻസ് DOHൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. നമുക്കത് പിന്തുടരാൻ സാധിക്കില്ല.
അവർ എഴുതിയിരിക്കുന്ന അത്ര ഈസിയായി കോവിഡ് ഡയഗ്‌നോസ് ചെയ്യാൻ സാധിക്കില്ല. അതിന് കൃത്യമായി ഡോക്‌ടറുമായി സംസാരിക്കുകയും ആവശ്യമെങ്കിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിദഗ്‌ധ പരിശോധനകൾ നടത്തുകയും ആവശ്യമാണ്.
നമ്മുടെ രോഗനിർണയത്തിന് കൃത്യമായ പ്രോട്ടക്കോൾ ഉണ്ട്. അത് ഇതല്ല.
കൂടാതെ നമുക്ക് ഈ പറഞ്ഞ ഏത് ലക്ഷണമുണ്ടെങ്കിലും നേരിട്ട് ആശുപത്രിയിൽ പോകാൻ പാടില്ല. 'ദിശ' നമ്പറായ 1056, അല്ലെങ്കിൽ നിങ്ങളുടെ ജില്ലയിലെ ഹെൽപ്പ്‌ലൈനിൽ വിളിച്ച് വേണ്ട മാർഗനിർദേശം തേടുകയാണ് വേണ്ടത്.
ഇത്തരം സന്ദേശങ്ങളിൽ കപട സുരക്ഷ കണ്ടെത്തി സ്വയം വഞ്ചിതരാകരുത്. നമ്മുടെ സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, നമ്മുടെ ആരോഗ്യവകുപ്പിനെ ഈ സാഹചര്യത്തിൽ പൂർണമായി വിശ്വസിക്കുക. ഫിലിപ്പൈൻസ് ആരോഗ്യമന്ത്രാലയം അവരുടെ പൗരൻമാരെ സംരക്ഷിക്കാനുള്ളതാണ്.
ജാഗ്രതയോടെയിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates