Kerala

ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത്, കാസര്‍ക്കോട് കൃഷ്ണദാസ്; പ്രയാര്‍, തുഷാര്‍, കണ്ണന്താനം എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യകള്‍ അറിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരു ദേശീയ ഏജന്‍സി വഴി സര്‍വേ നടത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തത്വത്തില്‍ ധാരണയായതായാണ് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടാവുമെന്ന് ബിജെപി കേന്ദ്ര ആസ്ഥാനത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യകള്‍ അറിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരു ദേശീയ ഏജന്‍സി വഴി സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. വിവിധ സാമുദായി നേതൃത്വവുമായുള്ള പിള്ളയുടെ അടുപ്പം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്. 

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും പ്രക്ഷോഭങ്ങള്‍ക്കു പിന്തുണയുമായി മുന്നില്‍ നിന്നതും പ്രായാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തുഷാര്‍ വെള്ളാപ്പള്ളി ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. അതേസമയം മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ പേരും ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്. ബിഡിജെഎസുമായുള്ള സീറ്റു ധാരണയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തൃശൂരില്‍സ്ഥാനാര്‍ഥിയാവുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂരില്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും സുരേന്ദ്രനു തന്നെയാണ് സാധ്യതയെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മറ്റു ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും പട്ടികയിലുണ്ടെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.

ഇത്തവണ പാര്‍ട്ടിക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കാസര്‍ക്കോട് പികെ കൃഷ്ണദാസ് സ്ഥാനാര്‍ഥിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമേ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ചര്‍ച്ചയും പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

SCROLL FOR NEXT