കൊച്ചി : ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തില്‍. വണ്ടിപ്പെരിയാര്‍, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു വരികയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തൗഹീദ് ജമാഅത്തുമായി ബന്ധമുള്ളവരാണ് പൊലീസിന്റെ നിരീക്ഷണ വലയത്തിലുള്ളത്. 2016 ല്‍ തൗഹീദ് ജമാ അത്ത് മധുരയിലും നാമക്കലിലും സംഘടിപ്പിച്ച യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക ഘടകമായി പ്രവര്‍ത്തിച്ചു വരികയാണ് തൗഹീദ് ജമാ അത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊളംബോ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവിട്ടിരുന്നു.
ഐഎസ് പുറത്തുവിട്ട അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള വീഡിയോയുടെ മലയാളം, തമിഴ് പരിഭാഷകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചില പ്രത്യേക അക്കൗണ്ടുകളിലാണ് ഈ തമിഴ്, മലയാളം പരിഭാഷ വീഡിയോകള്‍ പ്രചരിച്ചിരുന്നത്. പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു.
അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേ, തമിഴ്, മലയാളം ഭാഷകളിലും വീഡിയോ ചിത്രീകരിച്ചത് ഇവിടുത്തെ യുവാക്കളില്‍ സ്വാധീനം ചെലുത്തുക ലക്ഷ്യമിട്ടാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പൊലീസ് സസൂക്ഷ്മം പരിശോധിച്ചു വരികയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി.
ശ്രീലങ്കയില്‍ നാഷണല്‍ തൗഹീദ് ജമാ അത്ത് വന്‍ സ്‌ഫോടനങ്ങള്‍ക്ക് ആസൂത്രണം നടത്തുന്നതായി ഈ മാസം 11 ന് ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘടന, പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ലക്ഷ്യം തുടങ്ങിയവ സഹിതമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഈ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഒരുക്കുനന്തില്‍ ലങ്കന്‍ സര്‍ക്കാരിന് വീഴ്ച സംഭവിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ ജയിലിലുള്ള ഐഎസ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. ലങ്കയിലെ തൗഹീദ് ജമാഅത്തിന് തമിഴ്‌നാട്ടിലും ഘടകമുണ്ടെന്നും, സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. 500 ലേറെ പേര്‍ക്ക് പരിക്കേറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates