വേനല്‍ കടുത്തതോടെ വഴിയോരങ്ങളില്‍ ശീതളപാനിയ ഷോപ്പുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുകയാണ്. വിവിധ ഫ്‌ളേവറുകളിലായി വ്യത്യസ്തമായ പല പാനിയങ്ങളും ഇത്തരത്തിലുള്ള ചെറിയ കടകളില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഇത്തരം കടകളില്‍ നിന്ന് വെള്ളം വാങ്ങിക്കുടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഇത്തരം ജ്യൂസ് കടകളില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത് എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. ചീഞ്ഞതും പഴകിയതുമായ പഴവര്‍ഗ്ഗങ്ങളും ഗുണനിലവാരമില്ലാത്ത പാലും ഐസുമാണ് ഇത്തരം കടകളില്‍ ഉപയോഗിക്കുന്നത്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാര്‍ലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ അനാരോഗ്യകരമായ പാനിയങ്ങള്‍ വാങ്ങി കുടിക്കുന്നത് ഒഴിവാക്കണമെന്നും കേരള പൊലീസ് പറയുന്നു.
കേരള പൊലീസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
വേനല്‍ച്ചൂട്: ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണേ!
വേനല്‍ അതിന്റെ പാരമ്യത്തിലേക്കാണ്. എത്ര വെള്ളം കുടിച്ചാലും ദാഹമകലുന്നില്ല. അതിനാല്‍ തന്നെ പാതയോരത്ത് കുമിള്‍ പോലെയാണ് ശീതള പാനീയ പന്തലുകള്‍ ഉയരുന്നത്. ആകര്‍ഷകങ്ങളായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മില്‍ക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുന്‍പ് ശ്രദ്ധിക്കുക.
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളില്‍ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകള്‍ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സര്‍ബത്ത് ഉണ്ടാക്കുക, മില്‍ക്ക് ഷേക്കുകളില്‍ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാല്‍ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേര്‍ക്കുക, സര്ബത്തുകളില്‍ തിളപ്പിക്കാത്ത പാല്‍ ചേര്‍ക്കുക, നിരോധിത ഇനത്തില്‍പ്പെട്ട മാരക രാസവസ്തുക്കള്‍ അടങ്ങിയ കളര്‍ ദ്രാവകങ്ങള്‍ ചേര്‍ക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് ശീതളപാനീയങ്ങള്‍ തയ്യാറാക്കുന്നത്.
ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത വഴിയോരത്തുള്ള ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും മറ്റുള്ള ജ്യൂസ് പാര്‍ലറുകളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കണ്ടാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച പരാതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ, ആരോഗ്യവകുപ്പിനെയോ അറിയിക്കാവുന്നതാണ്.
ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ അനാരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയ സ്റ്റാളുകള്‍ ഒഴിവാക്കണമെന്നും കഴിയുന്നതും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നത് ശീലമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates