തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്നു തുടക്കം. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. പുതുതായി മൂന്നുപേർ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംപിടിക്കുമെന്നാണ് സൂചന. കെ എം മാണിയുമായുള്ള സഹകരണം, എൽഡിഎഫ് കൺവീനർ തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
നിലവിലെ പതിനഞ്ചംഗ സെക്രട്ടേറിയറ്റിൽ വി വി ദക്ഷിണാമൂർത്തിയുടെ നിര്യാണത്തെ തുടർന്ന് ഒരു ഒഴിവുണ്ട്. കൂടാതെ മന്ത്രിമാരായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി എത്തിയേക്കുമെന്നാണ് സൂചന. എം.വിജയകുമാർ, കെ.രാജഗോപാല്‍, ടി എന്‍ സീമ തുടങ്ങിയവരുടെ പേരുകളും സജീവമാണ്.
എൺപതു വയസ് പിന്നിട്ടെങ്കിലും, ആനത്തവട്ടം ആനന്ദനെ സെക്രട്ടേറിയറ്റിൽ നിലനിർത്തിയേക്കും. മന്ത്രിമാരെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി പാർട്ടി പ്രവർത്തനം കൂടുതൽ സജീവമാക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. ജയരാജൻ, രാധാകൃഷ്ണൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയാൽ ഇവിടെ പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്തേണ്ടി വരും. പി ജയരാജൻ പാർട്ടി നേതൃത്വത്തിന് അനഭിമതനായ സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമുള്ള മറ്റൊരാൾ ജില്ലാ സെക്രട്ടറിയാകുമെന്നും റിപ്പോർട്ടുണ്ട്.
കെ എം മാണിയുടെ കേരള കോൺഗ്രസുമായുള്ള സഹകരണവും യോഗത്തിൽ വിശദമായ ചർച്ചയായേക്കും. കൂടാതെ ആരോഗ്യപരമായ കാരണങ്ങളാൽ പൊതുരംഗത്ത് സജീവമല്ലാത്ത വൈക്കം വിശ്വനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്ന കാര്യത്തിലും യോഗം തീരുമാനമെടുത്തേക്കും. കേന്ദ്രകമ്മിറ്റിയിൽ നിന്നും വൈക്കം വിശ്വനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അവസാനം സിസിയിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates