Kerala

സെലക്ടീവ് ആയ ആസ്ഥാന കവിയെന്ന് ശബരീനാഥന്‍; ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്നു പറയരുതെന്ന് ബെന്ന്യാമിന്‍; വാക്‌പ്പോര്

മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം നിര്‍ത്തിയതിനെ പരിഹസിച്ച സംഭവത്തില്‍ അരുവിക്കര എംഎല്‍എ കെ എസ് ശബരീനാനും എഴുത്തുകാരന്‍ ബെന്ന്യാമിനും തമ്മില്‍ വാക്‌പ്പോര്.

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം നിര്‍ത്തിയതിനെ പരിഹസിച്ച സംഭവത്തില്‍ അരുവിക്കര എംഎല്‍എ കെ എസ് ശബരീനാനും എഴുത്തുകാരന്‍ ബെന്ന്യാമിനും തമ്മില്‍ വാക്‌പ്പോര്. ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബെന്ന്യാമിന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 

' നാളെ വൈകുന്നേരം 6 pm മുതല്‍ കട മുടക്കം' എന്ന ശബരിനാഥന്റെ പോസ്റ്റ് ഉള്‍പ്പെടെയുള്ള പരിഹാസങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെയും 'ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്' എന്ന വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പ്പോര് ആരംഭിച്ചത്. 

ബെന്ന്യാമിന്റെ വിമര്‍ശനത്തിന്, 'പക്ഷേ ഈ തട്ടിപ്പിനെതിരെ ഈ സമയത്തു ഒന്നും നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍, ചരിത്രം നിങ്ങള്‍ക്ക് ചാര്‍ത്താന്‍ പോകുന്നത് 'ആസ്ഥാനകവി' എന്ന പേരായിരിക്കും. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താന്‍ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആര്‍ക്കും ഭൂഷണമല്ല.' എന്നായിരുന്നു ശബരിനാഥന്റെ മറുപടി. 

ഇതിന് മറു കുറിപ്പുമായി രംഗത്ത വന്ന ബെന്ന്യാമിന്‍, ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ മാ!ത്രമേ തോന്നു. എന്നാല്‍ ഞാനതില്‍ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവില്‍ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്‌നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാന്‍ ഉള്ള ആര്‍ജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട 'ജി.കെ യുടെ മകന്' അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കല്‍ അവസാനിച്ചു കൊള്ളും.' എന്ന് മറുപടി നല്‍കി. 

കെ ശബരിനാഥന്റെ പോസ്റ്റ് ഇങ്ങനെ: 


കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ ഞാനടക്കമുള്ള UDF പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തിയെതിനെ നമ്മള്‍ ട്രോള്‍ ചെയ്തതും പിന്നെ sprinkler വിവാദവുമാണ് അവര്‍ നമുക്കെതിരെ നിരത്തുന്നത്.വിമര്‍ശിച്ചതില്‍ എനിക്ക് വിഷമം ഇല്ല, അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. എന്തായാലും കോവിഡ് കാലം കഴിഞ്ഞു MC റോഡില്‍ കുളനട ജംക്ഷനെത്തുമ്പോള്‍ കൃത്യമായി എന്നത്തേയും പോലെ ഒരു ഫോണ്‍ വിളി അങ്ങോട്ട് വരും.

അതവിടെ നില്‍ക്കട്ടെ, നിങ്ങള്‍ രാവിലെ പത്രം കണ്ടുകാണുമല്ലോ.Sprinklr കരാര്‍ ഒപ്പിടുന്നതിനു ഒരാഴ്ച മുന്‍പുതന്നെ ജനങ്ങളുടെ രേഖകള്‍ സര്‍ക്കാര്‍ Sprinklr കമ്പനിക്ക് കൊടുത്തു. എന്നുവച്ചാല്‍, ഒരു ഉടമ്പടിയും ഇല്ലാതെ പാവപ്പെട്ടവരുടെ ആരോഗ്യം രഹസ്യങ്ങള്‍ വില്‍പ്പനചരക്കായി മാറി. സാമാന്യതകളില്ലാത്ത ഒരു അഴിമതിയിലേക്കാണ് ഈ കേസ് മാറുന്നത്. യുഡിഎഫുകാര്‍ മുഖ്യമന്ത്രിയെ ട്രോളിയെതിനേക്കാളും ഗൗരവമുള്ള വിഷയമാണ് ഇത്. മരുഭൂമിയില്‍ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണ് നിങ്ങളുടെ മുന്നില്‍ ഇപ്പോള്‍ നടക്കുന്നത്.

അതുകൊണ്ടു നിങ്ങള്‍ ഈ വിഷയത്തില്‍ ഒന്ന് പ്രതികരിക്കണം. 'കൊഞ്ഞാണന്‍മാര്‍' എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങള്‍ അഭിസംബോധന ചെയ്യണം എന്ന് ഞാന്‍ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്‌കാരമല്ല.

പക്ഷേ ഈ തട്ടിപ്പിനെതിരെ ഈ സമയത്തു ഒന്നും നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍, ചരിത്രം നിങ്ങള്‍ക്ക് ചാര്‍ത്താന്‍ പോകുന്നത് 'ആസ്ഥാനകവി' എന്ന പേരായിരിക്കും. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താന്‍ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആര്‍ക്കും ഭൂഷണമല്ല.

ബെന്ന്യാമിന്റെ മറുപടി: 


KS ശബരീനാഥന്‍ MLA വായിച്ചറിയുവാന്‍ കേരളത്തിലെ ഒരു പൗരന്‍ എഴുതുന്നത്:

താങ്കള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയില്‍ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമര്‍ശനങ്ങള്‍ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങള്‍ താങ്കള്‍ക്ക് മറുപടി ആയി എഴുതാം എന്നു കരുതുന്നു.

1. മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസിച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് ഞാന്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ഞങ്ങള്‍ സാധാരണക്കാര്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയെ കേള്‍ക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങള്‍ക്ക് എത്തിക്കാന്‍ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാന്‍ ആണ്. പക്ഷേ അതില്‍ നിങ്ങള്‍ക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങള്‍ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങള്‍ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാന്‍ അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോള്‍ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട.

2. താങ്കള്‍ ആവശ്യപ്പെട്ടതുപോലെ പത്രങ്ങള്‍ വായിച്ചു പഠിക്കുക ആയിരുന്നു ഞാന്‍. ടിവിയില്‍ മുഖം കാണിക്കാന്‍ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ വിശ്വസിക്കാനാണ് എനിക്കിപ്പോള്‍ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോള്‍ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നില്‍ നിന്ന് തെളിയിച്ചു കാണിച്ച ഒരു സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ അനുഭവസ്ഥനായ ഞാന്‍ ഇഷ്ടപ്പെടുന്നു. സോളാര്‍ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന 'യുവകേസരികള്‍ക്ക്' ഒപ്പം കൂടി ഇപ്പോള്‍ താങ്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ വിശ്വസിക്കാന്‍ തല്‍ക്കാലം മനസില്ല.

3. ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോര്‍ത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാന്‍.. പൊതുജനത്തിനോ ലോകത്തില്‍ ആര്‍ക്കെങ്കിലുമോ അറിയാന്‍ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങള്‍ സാധാരണക്കാരുടെ കയ്യില്‍ ഇല്ല. വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുന്ന തരം ഫോണ്‍ ഡേറ്റയും ഇല്ല. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.

4. ഇപ്പോള്‍ എന്റെ മുന്നിലുള്ള പ്രശ്‌നം ഡേറ്റ അല്ല, പ്രവാസഭൂമിയില്‍ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴില്‍ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓര്‍ക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പില്‍ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അര്‍ബന്‍ രാഷ്ട്രീയക്കാര്‍ക്ക് സമയം കാണില്ല.

5. പിന്നെ ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ മാത്രമേ തോന്നു. എന്നാല്‍ ഞാനതില്‍ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവില്‍ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്‌നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാന്‍ ഉള്ള ആര്‍ജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട 'ജി.കെ യുടെ മകന്' അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കല്‍ അവസാനിച്ചു കൊള്ളും.

അപ്പോള്‍ ഇനിയും കാണണം. ചായ കുടിക്കണം. നന്ദി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

SCROLL FOR NEXT