Kerala

'ഹിന്ദുവീടുകള്‍ ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു'; ഈ പോക്കില്‍ വലതും ഇടതും കുറ്റക്കാരാണെന്ന് ശാരദക്കുട്ടി

വീട്ടില്‍ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്. വീട്ടിലെ സ്ത്രീകള്‍ മറുവാ പറയാതെ വളര്‍ത്തി വിട്ട ആണ്‍കുട്ടികളാണ് ഇന്ന് കേരളത്തെ ഈയവസ്ഥയിലെത്തിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ ഹിന്ദു വീടുകള്‍ ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടുവെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. വീട്ടില്‍ രാഷ്ട്രീയമില്ലെന്ന് അഭിമാനിച്ചു കൊണ്ടിരുന്നതിന്റെ ശിക്ഷയാണ് ഇന്ന് കേരളം അനുഭവിക്കുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന്റെ ഈ പോക്കില്‍ ഇടതും വലതും എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. യുക്തിയുടെ ആശയങ്ങളുമായി ഇനിയവിടെ കയറിക്കൂടാന്‍ വിയര്‍ക്കേണ്ടി വരുമെന്നും അവര്‍ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഹിന്ദു ഭവനങ്ങള്‍ ഏറിയ പങ്കും ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. യുക്തിയുടെയോ ചിന്തയുടെയോ ഒരു ഭാഷയും അവിടെയിനി വിലപ്പോവുകയില്ല.ശബ്ദമില്ലാതിരുന്ന സ്ത്രീകളെല്ലാം, അതികഠിനമായ അസഹൃതയാല്‍, പകയുടെ മുഖവുമായി ഏതോ ശിലായുഗത്തിലെ ഭാഷയാണ് സംസാരിക്കുന്നത്. ഒരുപാടു വിയര്‍ക്കേണ്ടി വരും യുക്തിയുടെ ആശയങ്ങളുമായി ഇനിയവിടങ്ങളില്‍ കയറിപ്പറ്റാന്‍.
പുരോഗമന മുഖം മൂടിയണിഞ്ഞിരുന്ന പുരുഷന്മാരും വൈകാരികമായി, ആചാരബദ്ധമായി മാത്രം കാര്യങ്ങളെ കാണുന്നു. ബന്ധുവീടുകളെല്ലാം നുണകളാല്‍ കെട്ടി വരിഞ്ഞതുപോലെ. അവര്‍ മുന്‍പില്ലാത്തതു പോലെ ഏതോ ധര്‍മ്മത്തെക്കുറിച്ചു വാചാലരാകുന്നു. ആക്രമണങ്ങളെ എതിര്‍ത്തിരുന്നവരും 'അതാണ് ശരി, .അതു വികാരമാണ്, വികാരമാണ് ന്യായം'എന്നു തര്‍ക്കിക്കുന്നു. ഇതൊന്നും പ്രകടമായ കമ്യൂണിസ്റ്റു വീടുകളോ സംഘപരിവാര്‍ വീടുകളോ അല്ല താനും.

പുരോഗമന വാദികളായ ആണുങ്ങളുടെ വീടുപോലെയല്ല, വിമോചന വാദിയായ സ്ത്രീയുടെ വീട്. അവള്‍ അവിടെ ആ വീട്ടുകാര്‍ക്കിടയില്‍ ബന്ധുക്കള്‍ക്കിടയില്‍ കൂട്ടുകാര്‍ക്കിടയില്‍ ഒക്കെ അധികപ്പറ്റാണ്. ഒറ്റപ്പെട്ടവളാണ്. നാട്ടുകാരോട് സംസാരിക്കുന്ന ഊറ്റവും വീറും വീട് താങ്ങില്ല.എതിര്‍ക്കുന്ന സ്ത്രീ, പിഴച്ച സ്ത്രീയാണ്. വീടുകളെ രാഷ്ട്രീയവത്കരിക്കുന്നതില്‍, സാമൂഹ്യവത്കരിക്കുന്നതില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടു പോയിടത്താണ് സംഘ പരിവാര്‍ വീടുകളിലേക്ക് ആസൂത്രിതമായി തുരങ്കങ്ങള്‍ നിര്‍മ്മിച്ചത്. ഇത്രയ്ക്കങ്ങു പ്രകടമായി ഹൈന്ദവവത്കരിക്കപ്പെട്ടവയായിരുന്നില്ല മുന്‍പ് ഈ വീടുകളൊന്നും.

വൈകുന്നേരങ്ങളിലെ ആണ്‍ സാംസ്‌കാരിക കൂട്ടങ്ങളോടു സംസാരിച്ചിരുന്ന ഒരു നേതാവും അന്വേഷിച്ചിരുന്നില്ല നിങ്ങളുടെ സ്ത്രീകള്‍ എവിടെയെന്ന്. ഇന്നും നവോത്ഥാന സന്ദേശ യാത്രികര്‍ ആണ്‍കൂട്ടങ്ങളോടാണ് ചര്‍വ്വിത ചര്‍വ്വണം നടത്തുന്നത്.തങ്ങളുടെ മടുപ്പുകളുമായി മല്ലിടുന്ന സ്ത്രീകളെ സീരിയലുകളും ഭക്തിമാര്‍ഗ്ഗങ്ങളും കീഴ്‌പ്പെടുത്തുമ്പോള്‍ പരസ്യമായി അവരെ പരിഹസിച്ചു കൊണ്ടിരുന്നു. 'ഇന്ന് നീ സാംസ്‌കാരിക രാഷ്ട്രീയ സമ്മേളനത്തിലേക്കു പോകൂ, അല്ലെങ്കില്‍ നമുക്കൊരുമിച്ചു പോകാം' എന്ന് പ്രചോദിപ്പിച്ചില്ല. അവര്‍ക്കതാഗ്രഹമില്ല എന്ന് സൗകര്യപൂര്‍വ്വം നിങ്ങള്‍ അനുമാനിച്ചു.

വീട്ടില്‍ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്. വീട്ടിലെ സ്ത്രീകള്‍ മറുവാ പറയാതെ വളര്‍ത്തി വിട്ട ആണ്‍കുട്ടികളാണ് ഇന്ന് കേരളത്തെ ഈയവസ്ഥയിലെത്തിച്ചത്. വീട്ടിലെ സ്ത്രീകളുടെ പല തരം മടുപ്പുകളാണ് ഭ്രാന്തോളമെത്തുന്ന ഭക്തിയുടെ രൂപത്തില്‍ ഇന്നു നാം നേരിടുന്നത്. വീടുണ്ടാക്കുന്ന മടുപ്പനുഭവിക്കാന്‍ കൂട്ടാക്കാതെ നിര്‍ഭയരായി പുറത്തിറങ്ങുവാനും സംസാരിക്കുവാനും തിരികെ തന്റേടത്തോടെ വേണ്ടപ്പോള്‍ മാത്രം കയറിച്ചെല്ലാനും ധൈര്യം കാണിച്ച വിരലിലെണ്ണാവുന്ന സ്ത്രീകളാണ് ഇന്ന് ശക്തമായി അനാചാരങ്ങളോട് പോരാടുന്നത്.

യുക്തിയുടെയോ ചിന്തയുടെയോ പുരോഗമനത്തിന്റെയോ ഭാഷയുമായി മറ്റു വീടുകളിലേക്ക് കയറിച്ചെല്ലുന്ന സ്ത്രീകള്‍ക്ക് ആട്ടുകിട്ടുന്ന അവസ്ഥ കേരളത്തിലുണ്ടായതെങ്ങനെയെന്നാണ് വൈകിപ്പോയെങ്കിലും നാമിനി ആലോചിച്ചു തുടങ്ങേണ്ടത്..

കേരളത്തിന്റെ ഈ പോക്കില്‍ എല്ലാവരും ഒരു പോലെ കുറ്റവാളികളാണ്. ഇടതും വലതും. രാഷ്ട്രീയ പ്രവേശമനുവദിക്കാതെ വീടുകളെ ഫാസിസ്റ്റു കൂടാരങ്ങളാക്കിയവരും അനുഗ്രഹീതമായ അജ്ഞതയില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നു ഭാവിച്ച കുടുംബിനികളും..

കേരളത്തിലെ രാഷട്രീയ സംഭവങ്ങള്‍ ശരീരത്തെയും അതിരുകവിഞ്ഞു ബാധിക്കുന്നു. തലചുറ്റലും മനം പിരട്ടലും ഓക്കാനവും വരുന്നു.
വന്മരങ്ങള്‍ വീഴുമ്പോളെന്ന കഥയിലെ സിസ്റ്റര്‍ അഗത ഇന്ദിരാഗാന്ധിയുടെ മരണാനന്തര യാത്ര ടിവിയില്‍ കാണുമ്പോള്‍, ചരിത്രം ശരീരത്തെ ബാധിച്ചിട്ട് വാഷ്‌ബേസിനിലേക്ക് ശര്‍ദ്ദിക്കുന്നുണ്ട്. അതുപോലെയെന്തോ..

കുപ്രസിദ്ധ പയ്യനിലെ നിമിഷ സജയന്‍ അവതരിപ്പിക്കുന്ന ഹന്ന എന്ന വക്കീല്‍ കേസിലെ അന്തിമ വിധിയുടെ തലേന്ന് വയറ്റില്‍ കുത്തിപ്പിടിച്ചു കട്ടിലില്‍ കിടന്നു കറങ്ങുകയും ശര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ ഒരനുഭവം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

SCROLL FOR NEXT