വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോര്‍ട്ട്. യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറ്റ് ഹൗസ് കോംപ്ലക്‌സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെന്‍സില്‍വാനിയ അവന്യൂ നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങള്‍ യോജിക്കുന്ന സ്ഥലത്താണ് വെടിവെയ്പ്പ് നടന്നത്.
രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യു എസ് നിയമപാലകര്‍ അറിയിച്ചതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവസമയം യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസില്‍ തുടരുന്ന സമയത്താണ് വെടിവെയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
എഫ്ബിഐ സംഘം സംഭവ സ്ഥലത്തെത്തി സീക്രട്ട് സര്‍വീസിന് ആവശ്യമായ പിന്തുണ നല്‍കിയതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതിനെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയും സമാനമായ രീതിയില്‍ വെടിവെയ്പ്പ് ശ്രമം ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates