പ്രതീകാത്മക ചിത്രം AI Generated
World

കിം ജോങ് ഉനിനെ തൊട്ടാല്‍ ആണവയുദ്ധം; മുന്നിലുള്ളത് ലോകാവസാനമോ? എന്താണ് 'ന്യൂക്ലിയര്‍ ഡെഡ് മാന്‍സ് സ്വിച്ച്'?

കിം ജോങ് ഉന്‍ കൊല്ലപ്പെടുകയോ വിദേശ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതനാക്കപ്പെടുകയോ ചെയ്താല്‍ ശത്രുരാജ്യങ്ങള്‍ക്കെതിരെ സ്വയമേവ ആണവാക്രമണം നടത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് നിര്‍ണായക ഭേദഗതി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

പ്യോങ്യാങ്: ആണവനയങ്ങളില്‍ ഉത്തര കൊറിയ വമ്പന്‍ ഭേദഗതികള്‍ നടത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ പരമാധികാരിയായ കിം ജോങ് ഉന്‍ കൊല്ലപ്പെടുകയോ വിദേശ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതനാക്കപ്പെടുകയോ ചെയ്താല്‍ ശത്രുരാജ്യങ്ങള്‍ക്കെതിരെ സ്വയമേവ ആണവാക്രമണം നടത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് നിര്‍ണായക ഭേദഗതി കൊണ്ടുവന്നത്.

രാജ്യത്തിന്റെ ആണവ കമാന്‍ഡ് സംവിധാനത്തിന് നേരെ ആക്രമണമുണ്ടായാലും ഉടന്‍ തിരികെ ആണവാക്രമണം നടത്തണമെന്നാണ് പുതിയ വ്യവസ്ഥ. ദക്ഷിണ കൊറിയന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉത്തരകൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ 15-ാം സമ്മേളനത്തിലാണ് ഭരണഘടനാ ഭേദഗതിയും ആണവനയ പരിഷ്‌കാരവും അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമപ്രകാരം രാജ്യത്തിന്റെ ആണവായുധ ശേഖരത്തിന്റെ പരമാധികാരം കിം ജോങ് ഉന്നിനായിരിക്കും. നേതൃനിരയെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായാല്‍ പ്രതികാരം എങ്ങനെ നടത്തണമെന്നത് നിയമപരമായി വ്യക്തമാക്കിയിരിക്കുകയാണ് പുതിയ നിയമത്തില്‍. ആര്‍ട്ടിക്കിള്‍ 3 പ്രകാരം ആണവാക്രമണത്തിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല.

'രാജ്യത്തിന്റെ ആണവ സേനയുടെ കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സംവിധാനത്തിന് ശത്രുസേനയുടെ ആക്രമണത്തില്‍ ഭീഷണി നേരിട്ടാല്‍ ആണവാക്രമണം സ്വയമേവയും ഉടന്‍തന്നെയും ആരംഭിക്കണം' എന്നാണ് ഭേദഗതി ചെയ്ത നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇതോടെ ഉത്തരകൊറിയ 'ന്യൂക്ലിയര്‍ ഡെഡ് മാന്‍സ് സ്വിച്ച്' സംവിധാനത്തിലേക്ക് നീങ്ങുകയാണെന്ന വിലയിരുത്തലാണ് പ്രതിരോധ വിദഗ്ധര്‍ നടത്തുന്നത്. നേതാവിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നാലും തിരിച്ചടി ഉറപ്പാക്കുന്ന സംവിധാനമാണ് ഇത്.

മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ യന്ത്രങ്ങള്‍ക്ക് സ്വയം ആണവായുധം ഉപയോഗിക്കാനാകും എന്നതാണ് ആശങ്കയുയര്‍ത്തുന്നത്. നിലവില്‍ അത്തരം സംവിധാനം റഷ്യയുടെ പക്കലുണ്ട്. 'ഡെഡ് ഹാന്‍ഡ്' എന്നു വിളിക്കുന്ന പെരിമീറ്റര്‍. സൈനിക ഫ്രീക്വന്‍സികള്‍, അന്തരീക്ഷ മര്‍ദം, റേഡിയേഷന്‍, ഭൂചലനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്ന സംവിധാനം റഷ്യക്കുനേരെ ആക്രമണം നടന്നാലുടനെ മനുഷ്യരുടെ കമാന്റ് ഇല്ലെങ്കില്‍പോലും ഭൂഗര്‍ഭ അറകളിലെ മിസൈലുകള്‍ക്ക് വിക്ഷേപണ കോഡ് നല്‍കി ശത്രുരാജ്യത്തിനു നേരെ തൊടുത്തുവിടും.

വെനിസ്വലന്‍ നേതാവിനെ അമേരിക്ക തടവിലാക്കിയതും ഇറാന്റെ പരമോന്നത നേതൃനിരയെ ലക്ഷ്യമിട്ട ആക്രമണങ്ങളും മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷവികാസങ്ങളും ഉത്തരകൊറിയയുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വിദേശ ശക്തികള്‍ നേതൃനിരയെ ഇല്ലാതാക്കുന്ന 'ഡിക്യാപിറ്റേഷന്‍ സ്‌ട്രൈക്ക്' തന്ത്രത്തിനെതിരായ പ്രതിരോധനടപടിയായാണ് പുതിയ നിയമത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. പുതിയ ആണവനയം മേഖലയിലെ സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുമെന്നും ചെറിയ സൈനിക ഏറ്റുമുട്ടല്‍ പോലും അതിവേഗം ആണവതലത്തിലേക്ക് ഉയരാനുള്ള ഭീഷണി സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച ഉത്തരകൊറിയയുടെ മുന്‍നിലപാടുകളും കടുപ്പമേറിയതായിരുന്നു. 2022-ല്‍ പാസാക്കിയ നിയമം രാജ്യത്തിന് മുന്‍കൂര്‍ ആണവാക്രമണം നടത്താനുള്ള അവകാശം അനുവദിക്കുകയും ആണവരാജ്യമെന്ന പദവി സ്ഥായിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സുരക്ഷാ സഹകരണത്തെ ഉത്തരകൊറിയ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.അതേസമയം ഉത്തരകൊറിയ അവരുടെ ആണവായുധ ശേഖരവും മിസൈല്‍ ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തുന്നുമുണ്ട്.

Aiming Kim Jong Un could trigger nuclear war; is the world ending? What is the 'nuclear dead man's switch'?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം

രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് എബോള പകരുമോ? വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

യുക്രെയ്ന്‍ യുദ്ധത്തിനിടെ പുത്തന്‍ കൂട്ടുകെട്ട്; താലിബാന് കൈകൊടുത്ത് പുട്ടിന്‍; 'ഗുരുതര രാഷ്ട്രീയ വിരോധാഭാസം'

മെസി മുതൽ സൻ ഹ്യൂങ് വരെ... 'മാന്ത്രിക മനുഷ്യരുടെ' അവസാന ലോകകപ്പ്

SCROLL FOR NEXT