വാഷിങ്ടണ്‍: 2026 ജൂണ്‍ 11 ന് മെക്‌സിക്കോയിലെ എസ്റ്റാഡിയോ ആസ്‌ടെക്ക സ്‌റ്റേഡിയത്തില്‍ ഫുട്ബോള്‍ ആരാധകരുടെ ഇടനെഞ്ചില്‍ ആവേശം നിറച്ച് ആ പന്തുരുണ്ടുതുടങ്ങും. പിന്നെയങ്ങോട്ട് ഉറക്കമില്ലാത്ത ഫുട്ബോള്‍ കാലം.
ലോകം കാത്തിരിക്കുന്ന മാമാങ്കത്തിന് തിരികൊളുത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. അപ്പോഴും ഉയരുന്നത് പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന പ്രതിസന്ധികളും ആശങ്കകളുമാണ്.
ഇറാന്‍ കളിക്കാരുടെ ആശങ്ക
അമേരിക്ക - ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിനും അതു വരുത്തിവച്ച ആഗോള പ്രതിസന്ധിക്കും മധ്യേയാണ് ചരിത്രത്തിലാദ്യമായി മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക - കാനഡ - മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകം കാത്തിരിക്കുന്ന കാൽപന്തുകളിയുടെ മാമാങ്കം അരങ്ങേറുക . യുദ്ധസമാന സാഹചര്യങ്ങള്‍ക്കിടെ ലോകകപ്പില്‍ പങ്കെടുക്കില്ലെന്നായിരുന്നു ഇറാന്റെ ആദ്യ തീരുമാനം.
ഇറാന്റെ മാച്ചുകള്‍ മെക്‌സിക്കയിലെ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന ആവശ്യവും ഫിഫ തള്ളി. ഇറാന്‍ കളിക്കാര്‍ക്ക് സുരക്ഷയുറപ്പു നല്‍കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും ചര്‍ച്ചയായിരുന്നു. അമേരിക്കയിലെ വെസ്റ്റ് കോസ്റ്റില്‍ കളിക്കിറങ്ങേണ്ട ടീം യുഎസ്, കനേഡിയന്‍ വിസകള്‍ക്കായി തുര്‍ക്കിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
കോംഗോയുടെ എബേള ഭീഷണി
എബേള ഭീഷണിക്കിടെ കോംഗോ ടീമിനും ലോകകപ്പില്‍ പങ്കെടുക്കാനാകുമോ എന്ന പ്രതിസന്ധിയുണ്ട്. ജൂണ്‍ 11 ലെ ആദ്യ മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ 21 ദിവസത്തെ എബോള ഐസൊലേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ നിര്‍ദേശം.
മെക്‌സിക്കോയിലെ സുരക്ഷാ ഭീഷണി
ലോകകപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ മെക്‌സിക്കോയിലെ പിരമിഡുകള്‍ക്ക് സമീപം വെടിവെപ്പ് നടന്നതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒപ്പം എസ്റ്റാഡിയോ ആസ്‌ടെക്കയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലേബര്‍ ഇന്‍സ്‌പെക്ടര്‍മാരെ ഫിഫ തടഞ്ഞതും വിവാദമായി.
പരിസ്ഥിതി പ്രതിസന്ധി
പാരിസ്ഥിതിക പ്രതിസന്ധികളും ലോകകപ്പില്‍ ചര്‍ച്ചയാവുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവ് ഗ്രീന്‍ ഗ്യാസ് പുറന്തള്ളലാണ് യുഎസിലെ മത്സരങ്ങളിലുണ്ടാവുക. 9 ബില്യണ്‍ മുതല്‍ 13 ബില്യണ്‍ വരെ കാര്‍ബണ്‍ എമിഷനുണ്ടാകുമെന്ന റിപ്പോര്‍ട്ടിനു പിറകേ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ താരങ്ങള്‍ ഫിഫയ്ക്ക് കത്തയച്ചു.
ഉയര്‍ന്ന ചൂട് ലോകകപ്പ് മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൂടുതല്‍ വാട്ടര്‍ ബ്രേക്കുകള്‍ നല്‍കിയും രാത്രികാലങ്ങളില്‍ മാത്രം മത്സരങ്ങള്‍ സംഘടിപ്പിച്ചും കളിനടക്കുമെന്ന് ഫിഫ പറഞ്ഞെങ്കിലും ഫുഡ്‌ബോള്‍ താരസംഘടനയായ ഫിഫ്‌പ്രോ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഉയർന്ന ടിക്കറ്റ് നിരക്ക്
ഇതിനെല്ലാം പിറകേ വെല്ലുവിളിയുയര്‍ത്തുന്നത് ടിക്കറ്റ് നിരക്കാണ്. ഡിസംബറില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചപ്പോള്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് 140 ഡോളറും ഫൈനല്‍ മത്സരത്തിന് 8680 ഡേളറുമായിരുന്നെങ്കില്‍ ഏപ്രിലില്‍ റീസ്റ്റാര്‍ട്ട് ചെയ്ത സെയിലില്‍ ടിക്കറ്റ് വില 10,990 ഡോളറായി ഉയര്‍ന്നു.പത്തു ലക്ഷത്തി അന്‍പതിനായിരം രൂപ. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാത്രാച്ചെലവ് 12 മടങ്ങാക്കിയാണ് ഉയര്‍ത്തിയത്. 12 ഡോളര്‍ വിലയുണ്ടായ ടിക്കറ്റിന് 150 ഡോളറാണ് വില. സാധാരണക്കാരായ ജനങ്ങളെ ഗ്രൗണ്ടിനു പുറത്തുനിര്‍ത്തുന്ന നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.
കനത്ത സുരക്ഷാ പ്രതിസന്ധികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് ഇത്തവണ ഫുട്ബോള്‍ ലോകം ബൂട്ടണിയുന്നത്. കാലുകളില്‍ താളം നിറച്ച് താരങ്ങള്‍ കുതിക്കുമ്പോള്‍ നെഞ്ചില്‍ പെടപ്പുനിറയ്ക്കുന്ന ആശങ്കകളാണ് ചുറ്റും നിറയുന്നത്. അനിശ്ചിതത്വത്തിൻറെയും ആശങ്കകളുടെയും ഇടയിൽ നിറംകെട്ടു പോകുമോ ലോകകപ്പ് എന്ന് കാത്തിരിന്നു കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates