France Protests: 143-Year-Old Limoges Town Hall Destroyed in Fire Amid Unrest 
World

ഫ്രാന്‍സില്‍ പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ്‍ ഹാള്‍ തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്‍

1883ല്‍ നിര്‍മിച്ചതും 1975ല്‍ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമായ കെട്ടിടത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കത്തിനശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പാരിസ്: ഫ്രാന്‍സില്‍ കുത്തനെയുയര്‍ന്ന ജീവിതച്ചെലവിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടുതല്‍ അക്രമകരമാകുന്നു. 143 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ലിമോസ് ടൗണ്‍ ഹാള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. 1883ല്‍ നിര്‍മിച്ചതും 1975ല്‍ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമായ കെട്ടിടത്തിന്റെ മേല്‍ക്കൂര താഴത്തെ നിലകളിലേക്ക് ഇടിഞ്ഞുവീഴുകയും, മൂന്നില്‍ രണ്ട് ഭാഗവും കത്തിനശിക്കുകയും ചെയ്തു. ഇത് പൈതൃകത്തിന് മേലുള്ള വലിയ ആഘാതവും ബോധപൂര്‍വ്വമായ അട്ടിമറിയുമാണെന്ന് പ്രാദേശിക പ്രെഫക്റ്റ് മോറിസ് ബരാറ്റെ പ്രതികരിച്ചു.

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍, പൊതുസ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. അക്രമങ്ങളെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായി അപലപിച്ചു.

'നമ്മുടെ റിപ്പബ്ലിക്കില്‍ അക്രമങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. പ്രെഫക്റ്ററുകളെയും ബിസിനസുകളെയും ആക്രമിക്കുകയും ടൗണ്‍ ഹാളുകള്‍ കൊള്ളയടിക്കുകയും ചെയ്തവരെ പിടികൂടുകയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്യും' -മാക്രോണ്‍ എക്‌സില്‍ കുറിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരരുടെ അവകാശത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ, പൊതുസ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അരാജകവാദികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സില്‍ നൂറിലേറെ റാലികളിലായി അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ ശനിയാഴ്ച മാത്രം 400 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂസ് അറിയിച്ചു. ലില്ലെ, കലൈസ്, ബ്രെസ്റ്റ് തുടങ്ങിയ നഗരങ്ങളില്‍ മുഖംമൂടി ധരിച്ചെത്തിയ തീവ്ര ഗ്രൂപ്പുകള്‍ ടൗണ്‍ ഹാളുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. റിന്നെസ്, ടൂളുസ്, മോണ്ട്‌പെല്ലിയര്‍, ഗ്രെനോബിള്‍ തുടങ്ങിയ നഗരങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ അക്രമകാരികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തലക്കെട്ടും മുഖംമൂടിയും ധരിച്ചെത്തിയവര്‍ പൊലീസിന് നേരെ പടക്കങ്ങള്‍ ഉള്‍പ്പെടെ എറിഞ്ഞു. രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും ഫ്രാന്‍സിലെ പൊതുസ്ഥാപനങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്.

Historic Limoges Town Hall Gutted in Fire as Cost-of-Living Protests Turn Violent in France

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

ഹോർട്ടിവൈൻ വിവാദം, നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ

'എഐ ടൂളുകള്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി'; സൈനികന്റെ ഭാര്യക്കെതിരെ കേസ്