സനാ: യെമന് സര്ക്കാരിന്റെ താല്ക്കാലിക തലസ്ഥാനമായ ഏഡനിലെ പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി വിമതര് നടത്തിയ മിസൈല് ആക്രമണത്തില് അഞ്ച് പേര് കൊല്ലപ്പെടുകയും പത്ത് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. സര്ക്കാരിന്റെ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അല്-മാഷീഖ് കൊട്ടാരത്തിന് നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ജൂലൈയില് യെമനില് ആഭ്യന്തരയുദ്ധം വീണ്ടും ശക്തമായതിന് ശേഷം ഈ കൊട്ടാര സമുച്ചയത്തിന് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തെ തുടര്ന്ന് കൊട്ടാരത്തിന് മുകളില് കറുത്ത പുക ഉയരുന്നതും സ്ഫോടനശബ്ദം കേട്ടതായും ദൃക്സാക്ഷികള് പറഞ്ഞു.
അഞ്ച് മിസൈലുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യെമന് വാര്ത്താ വിതരണ മന്ത്രി മുഅമ്മര് അല്-ഇറിയാനി വ്യക്തമാക്കി. പ്രധാനമന്ത്രിയും മന്ത്രിമാരും സുരക്ഷിതരാണെന്നും, ആക്രമണത്തില് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടെന്നും സര്ക്കാര് അറിയിച്ചു. അതേസമയം, സൗദി ഓഫീസര്മാരുടെ നേതൃത്വത്തിലുള്ള സൈനിക പ്രവര്ത്തനങ്ങളുടെ ആസ്ഥാനവും അവിടെയുണ്ടായിരുന്ന ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള് അവകാശപ്പെട്ടു.
ഫെബ്രുവരിയില് യുഎസ്-ഇസ്രായേല് ആക്രമണങ്ങളെത്തുടര്ന്ന് പശ്ചിമേഷ്യയില് ആരംഭിച്ച സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില്, സൗദി അറേബ്യയും അവര് പിന്തുണയ്ക്കുന്ന യേമന് സര്ക്കാരും ഹൂതികളുടെ നിരന്തര ആക്രമണങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറാന് പിന്തുണയുള്ള ഹൂതികള് കഴിഞ്ഞ ആഴ്ചകളില് യെമന്റെ ചെങ്കടല് തീരപ്രദേശങ്ങളുടെ വലിയ ഭാഗം പിടിച്ചെടുത്തിരുന്നു. സൗദി വ്യോമസേനയുടെ പിന്തുണയോടെ യേമന് സര്ക്കാര് നടത്തിയ പ്രത്യാക്രമണങ്ങള്ക്ക് ഹൂതികളെ പിന്തിരിപ്പിക്കാന് സാധിച്ചിട്ടില്ല.
സംഘര്ഷം ഇത്രയും രൂക്ഷമാകാന് കാരണം ഇറാനാണെന്ന് സൗദി അറേബ്യ ആരോപിച്ചു. വിമതര്ക്ക് ആയുധങ്ങളും പരിശീലനവും നല്കി ഇറാന് ഈ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. റായെദ് ക്രിംലി പറഞ്ഞു. സൗദി അറേബ്യയുടെ തെക്കന് മേഖല ലക്ഷ്യമിട്ട് ഹൂതികള് അയച്ച ഡ്രോണുകള് സഖ്യസേന തടഞ്ഞു. തന്ത്രപ്രധാനമായ മാരിബ് നഗരത്തിന് നേരെയും ഹൂതികള് നിരവധി ബാലിസ്റ്റിക് മിസൈലുകള് തൊടുത്തതായി യേമന് സര്ക്കാര് അറിയിച്ചു.
സംഘര്ഷ സാഹചര്യത്തില് ഇന്ഡിഗോ റിയാദിലേക്കും ജിദ്ദയിലേക്കും ദമ്മാമിലേക്കും മദീനയിലേക്കുമുള്ള വിമാനങ്ങള് ഒക്ടോബര് 24 വരെ റദ്ദാക്കിയതായി അറിയിച്ചു. ഗള്ഫ് സെക്ടറില് നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സര്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ആകെ 22 വിമാന സര്വീസുകളാണ് റദ്ദാക്കിയത്.
കരിപ്പൂരിലേക്ക് എത്തിച്ചേരേണ്ട സര്വീസുകള്
എയര് അറേബ്യ (G90890): റാസല്ഖൈമയില് നിന്ന് പുലര്ച്ചെ 2.50ന്
ഇന്ഡിഗോ (6E 0088): ദമ്മാമില് നിന്ന് രാവിലെ 6.25ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0332): റാസല് ഖൈമയില് നിന്ന് രാവിലെ 6.55ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0320): റിയാദില് നിന്ന് രാവിലെ 7.35ന്
ഫ്ലൈനാസ് (XY0327): റിയാദില് നിന്ന് രാവിലെ 8.20ന്
സൗദി എയര് (SV 0712): റിയാദില് നിന്ന് രാവിലെ 8.55ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0374): ബഹറൈനില് നിന്ന് രാവിലെ 9.15ന്
ഇന്ഡിഗോ (6E0066): ജിദ്ദയില് നിന്ന് ഉച്ചക്ക് 2.05ന്
ഫ്ലൈ നാസ് (XY0373): റിയാദില് നിന്ന് വൈകിട്ട് 3.15ന്
ആകാശ എയര് (QP0595): ജിദ്ദയില് നിന്ന് വൈകിട്ട് 5.40ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0386): ദമ്മാമില് നിന്ന് വൈകിട്ട് 6.35ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0336): അല് ഐനില് നിന്ന് വൈകിട്ട് 7ന്
കരിപ്പൂരില് നിന്ന് പുറപ്പെടേണ്ട സര്വീസുകള്
എയര് അറേബ്യ (G90891): റാസല്ഖൈമയിലേക്ക് പുലര്ച്ചെ 3.30ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0385): ദമ്മാമിലേക്ക് രാവിലെ 8.35ന്
ഫ്ലൈനാസ് (XY0328): റിയാദിലേക്ക് രാവിലെ 9.10ന്
സൗദി എയര് (SV 0713): റിയാദിലേക്ക് രാവിലെ 9.55ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0335): അല് ഐനിലേക്ക് രാവിലെ 10ന്
ഫ്ലൈനാസ് (XY 0374): റിയാദിലേക്ക് വൈകീട്ട് 4.05ന്
ആകാശ എയര് (QP0596): ജിദ്ദയിലേക്ക് നാളെ വൈകീട്ട് 6.45ന്
ഇന്ഡിഗോ (6E 0065): ജിദ്ദയിലേക്ക് നാളെ വൈകീട്ട് 6.50ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0321): റിയാദിലേക്ക് നാളെ രാത്രി 8.15ന്
എയര് ഇന്ത്യ എക്സ്പ്രസ് (IX 0373): ബഹ്റൈനിലേക്ക് നാളെ രാത്രി 11.05ന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates