ഇസ്ലാമാബാദ്: സിന്ധു നദീജല വ്യവസ്ഥയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന സിന്ധു നദീജല കരാറിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പാക് മന്ത്രിയുടെ പ്രസ്താവന.
2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂര്‍ണമായും തടയാനാകുമെന്ന് ഇന്ത്യയുടെ ജല മന്ത്രി സി ആര്‍ പാട്ടീല്‍ സൂചിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. ഇന്ത്യ ജലലഭ്യത തടസ്സപ്പെടുത്തിയാല്‍ യുദ്ധം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. പാകിസ്ഥാനില്‍ നിലവില്‍ കടുത്ത ജലക്ഷാമമാണ്. സിന്ധു നദീതടത്തിലെ ജലലഭ്യതയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടെന്ന് തോന്നിയാല്‍ രൂക്ഷമായി പ്രതികരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലം ഞങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണ്. ഭീഷണി നേരിടുന്നുവെന്ന് തോന്നുന്ന നിമിഷം, ഞങ്ങള്‍ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കും. അത് തീര്‍ച്ചയാണ്. ജലം പങ്കിടുന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ നിയന്ത്രിക്കാനോ ഇന്ത്യ നീങ്ങുന്നുവെന്ന് സൂചന ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും.
2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത്. 26 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നാലെ ഉണ്ടായ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ വിശ്വസനീയവും മാറ്റമില്ലാത്തതുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഈ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഈ കരാര്‍ അനുസരിച്ച്, നദീതടത്തിലെ ഏകദേശം 80 ശതമാനം ജലവും പാകിസ്ഥാനാണ് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates