ടെഹ്‌റാന്‍: ഇറാനില്‍ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ ആശങ്ക കടുപ്പിച്ച് യുഎസ് - ഇറാന്‍ വാക്ക്‌പോര്. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ രക്ഷിക്കാന്‍ ഇടപെടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമാണ് വിഷയത്തെ അന്താരാഷ്ട്ര തര്‍ക്കവിഷയമാക്കി ഉയര്‍ത്തിയത്. ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ടിതില്ലെന്നാണ് ട്രംപിന് ഇറാന്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അലി ലാരിജാനിയാണ് ട്രംപിന് മറുപടിയായി രംഗത്തെത്തിയത്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും. പ്രതിഷേധവുമായി രംഗത്തുള്ള വ്യാപാരികളുടെ ആവശ്യങ്ങളെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിലപാടുകളില്‍ നിന്ന് വേറിട്ടാണ് പരിഗണിക്കുന്നത്. ട്രംപ് സാഹസികതയ്ക്ക് മുതിരുകയാണെന്ന് അമേരിക്കയിലെ ജനങ്ങള്‍ അറിയണം. യുഎസ് സ്വന്തം സൈനികരെ കാക്കണമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ ആറ് ദിവസമായി തുടരുന്ന പ്രതിഷേധങ്ങളില്‍ എഴ് പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇറാന്റെ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും വിലക്കയറ്റവും ചൂണ്ടിക്കാട്ടി ടെഹ്റാനിലെ കടയുടമകള്‍ ആണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. 2022 ന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. വ്യാപാരികള്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥികളും രംഗത്തെത്തി. ഇറാന്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates