Kim Jong Un Death Rumour Rejected 
World

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന് പ്രചാരണം; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

ചൈനീസ് വിമതന്റെ വാദങ്ങൾ തള്ളി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ. 42-കാരനായ കിം ജോങ് ഉൻ ആരോഗ്യവാനായി പൊതുവേദിയിലെത്തിയ ചിത്രങ്ങൾ ഉത്തര കൊറിയൻ ഔദ്യോഗിക പത്രമായ 'റോഡോങ് സിൻമുൻ' പുറത്തുവിട്ടു. മകൾ കിം ജൂ എയ്ക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം വസ്ത്ര-പാദരക്ഷാ പ്രദർശനം സന്ദർശിക്കുന്ന ചിത്രങ്ങളാണ് പത്രം പ്രസിദ്ധീകരിച്ചത്.

ഗുരുതരമായ മസ്തിഷ്കാഘാതത്തെ തുടർന്ന് കിം ജോങ് ഉന്നിനെ അബോധാവസ്ഥയിൽ ബെയ്ജിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അവിടെവെച്ച് അദ്ദേഹം മരണപ്പെട്ടുവെന്നും യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതൻ വാൻജുൻ ഷി (Wanjun Xie) തെളിവുകളൊന്നുമില്ലാതെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക മാധ്യമം ചിത്രങ്ങൾ പുറത്തുവിട്ടത്. ചൈന നിരോധിച്ച ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനെന്ന് അവകാശപ്പെടുന്ന വാൻജുൻ ഷി, മുൻപും ഷി ജിൻപിങ്ങിന്റെ മരണം അടക്കമുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഉത്തര കൊറിയയിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കിമ്മിനെ രഹസ്യമായി ബെയ്ജിങ്ങിലേക്ക് കൊണ്ടുപോയെന്നും മരണശേഷം മൃതദേഹം രഹസ്യമായി നാട്ടിലേക്ക് തിരിച്ചെത്തിച്ച് ഭരണകൂടം വിവരം മൂടിവെക്കുകയാണെന്നുമായിരുന്നു ഇയാളുടെ അവകാശവാദം.

എന്നാൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. പ്രദർശന വസ്തുക്കൾ നേരിട്ട് നിരീക്ഷിക്കുന്ന കിം ജോങ് ഉന്നിനെയും ഒപ്പമുള്ള മകളെയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ചിത്രങ്ങൾ പകർത്തിയ കൃത്യമായ തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കുന്ന മറ്റ് സാഹചര്യത്തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഉത്തര കൊറിയൻ ഭരണാധികാരിക്ക് എന്തെങ്കിലും സംഭവിച്ചാൽ സാധാരണയായി ചൈനീസ് അതിർത്തിയിൽ സൈനിക സുരക്ഷ കർശനമാക്കാറുണ്ട്. കൂടാതെ നയതന്ത്ര കേന്ദ്രങ്ങളിലും ദക്ഷിണ കൊറിയൻ അതിർത്തി കേന്ദ്രങ്ങളിലും വലിയ അനക്കങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ അത്തരത്തിലുള്ള യാതൊരു അസ്വാഭാവിക നീക്കങ്ങളും അതിർത്തിയിലോ നയതന്ത്ര തലങ്ങളിലോ റിപ്പോർട്ട് ചെയ്തിട്ടില്ല. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ടുകളെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികളും വ്യക്തമാക്കി.

കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും തെറ്റായ വാർത്തകൾ പുറത്തുവരുന്നത് ഇതാദ്യമല്ല. 2020-ൽ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിം മരിച്ചെന്ന് 99 ശതമാനവും ഉറപ്പാണെന്ന് മുൻ ഉത്തര കൊറിയൻ വിമതർ അവകാശപ്പെട്ടിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കിം ആ പ്രചാരണങ്ങൾ പൊളിച്ചിരുന്നു.

എന്തുകൊണ്ട് കിമ്മിന്റെ ആരോഗ്യം നിരന്തരം ചർച്ചയാകുന്നു?

ഉത്തര കൊറിയൻ ഭരണത്തിന്റെ അടുത്ത പിൻഗാമി ആരാണെന്ന അനിശ്ചിതത്വമാണ് ഇത്തരം വാർത്തകൾ നിരന്തരം പ്രചരിക്കാൻ പ്രധാന കാരണം. മൂന്ന് തലമുറയായി കിം കുടുംബമാണ് രാജ്യം ഭരിക്കുന്നത്. കിം ഇൽ സുങ്ങിന്റെ മരണശേഷം കിം ജോങ് ഇൽ അധികാരം ഏറ്റെടുത്തതുപോലെയല്ല, വളരെ വേഗത്തിലാണ് 2011-ൽ കിം ജോങ് ഉൻ ഭരണത്തിലെത്തിയത്. നിലവിൽ കിം തന്റെ 13 വയസ്സുകാരിയായ മകൾ കിം ജൂ എയെ അടുത്ത പിൻഗാമിയാക്കാൻ ഒരുക്കുന്നതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി വിലയിരുത്തുന്നുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗികമായി പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.

കൂടാതെ, അമിതവണ്ണവും പുകവലിയുമുള്ള കിമ്മിന്റെ ജീവിതശൈലി ഹൃദ്രോഗങ്ങൾക്കും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധരും ദക്ഷിണ കൊറിയൻ ഏജൻസികളും മുന്നറിയിപ്പ് നൽകാറുണ്ട്. കിം കുടുംബത്തിൽ ഹൃദ്രോഗ ചരിത്രവുമുണ്ട്. അണുശക്തിയുള്ള ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആണവായുധങ്ങളുടെ നിയന്ത്രണവും മേഖലയിലെ രാഷ്ട്രീയ സുരക്ഷയും വലിയ ചോദ്യചിഹ്നമാകും എന്നതിനാൽ, ലോകരാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയോടെയാണ് ഉത്തര കൊറിയയിലെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത അതീവ രഹസ്യ സ്വഭാവമുള്ള രാജ്യമെന്ന നിലയിൽ ഇത്തരം വ്യാജപ്രചാരണങ്ങൾ എളുപ്പത്തിൽ പടർന്നുപിടിക്കാറുമുണ്ട്.

North Korean state media has dispelled swirling rumours regarding the death of supreme leader Kim Jong Un by releasing photographs showing the 42-year-old ruler touring an exhibition alongside his daughter, Kim Ju Ae

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യയുടെ ലോകത്തേയ്ക്ക്, ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍; കേരളം വിജയദശമി ആഘോഷനിറവില്‍

'ഇതിലും നല്ല പേര് വേറെയില്ല'; രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും

കണ്‍തടത്തില്‍ പല്ല് വളരുന്ന അപൂര്‍വ അവസ്ഥ; എന്താണ് എക്‌റ്റോപിക് ടൂത്ത് ?

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; വ്യക്തിവിവരങ്ങള്‍ അടങ്ങിയ 3897 രേഖകള്‍ ഡാര്‍ക്ക് വെബില്‍

കർണാടകയിൽ ദസറ, നേപ്പാളിൽ ദശൈൻ; എന്താണ് വിജയദശമിയുടെ ഐതിഹ്യം?, സന്ദേശമെന്ത്?