ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍  എപി
World

'അമ്മ'യ്ക്കരികില്‍ നിത്യവിശ്രമം; ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹം കബറടക്കി; വിഡിയോ

സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നിത്യവിശ്രമം കൊള്ളും.

സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍ സിറ്റി: അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സംസ്‌കരിച്ചു. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നിത്യവിശ്രമം കൊള്ളും. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമായിരുന്നു സെന്റ് മേരി മേജര്‍ ബസലിക്കയില്‍ കബറടക്കം നടത്തിയത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.

2021ല്‍ ഇറാഖിലേക്ക് അപകടസാധ്യതകള്‍ മറികടന്നു മാര്‍പാപ്പ അപ്പസ്‌തോലിക യാത്ര നടത്തിയതു ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന്് ജിയോവാനി ബാറ്റിസ്റ്റ റെ പറഞ്ഞു. ഭീകരവാദികളുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദുരിതമനുഭവിച്ച ഇറാഖി ജനതയുടെ, മുറിവുകളില്‍ മരുന്നു പകരുന്നതായിരുന്നു പാപ്പയുടെ സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'അനേകം കുടിയേറ്റക്കാരുടെ ജീവന്‍ അപഹരിച്ച ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ അപ്പസ്‌തോലിക യാത്രയും എക്യൂമെനിക്കല്‍ സൗഹൃദങ്ങളും മെക്‌സിക്കോയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതുമെല്ലാം ജീവിതത്തില്‍ അദ്ദേഹം ഉള്‍ക്കൊണ്ട സാര്‍വ്വത്രികതയുടെ അടയാളമാണ്'. അവസാന നാളുകളിലെ വേദനയുടെ നിമിഷങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആത്മദാനത്തിന്റെ പാത പിന്തുടര്‍ന്നുവെന്നും കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റെ പറഞ്ഞു.

ശനിയാഴ്ച പ്രദേശികസമയം എട്ടുമണിയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദര്‍ശനം അവസാനിച്ചതിനുപിന്നാലെ പ്രാര്‍ഥനകള്‍ക്കുശേഷം ഭൗതികശരീരം സെന്റ് മേരി മേജര്‍ ബസലിക്കയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വിലാപയാത്രയില്‍ വന്‍ജനാവലി പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പെയിന്‍ രാജാവ് ഫിലിപ് ഢക, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, വില്യം രാജകുമാരന്‍ തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ സഹകാര്‍മികരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT