ലണ്ടന്‍: റഷ്യന്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാവായിരുന്ന അലക്‌സി നവാല്‍നിയെ വകവരുത്തിയതാണെന്ന ആരോപണം ശക്തമാകുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് നവാല്‍നിയെ വിഷ പ്രയോഗത്തിലൂടെയാണ് ഇല്ലാതാക്കിയത് എന്ന് ചൂണ്ടിക്കാട്ടുന്നത്. തവളയുടെ തൊലിയില്‍നിന്നുള്ള മാരകമായ വിഷം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് ആരോപണം.
2024 ഫെബ്രുവരിയില്‍ ആര്‍ട്ടിക് പീനല്‍കോളനിയില്‍ തടവില്‍ കഴിയുന്നതിനിടെയാണ് നവാല്‍നി മരിച്ചത്. വിഷം നല്‍കിയതാണ് മരണകാരണമെന്നും ഇക്കാര്യം ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചതായും സംയുക്തപ്രസ്താനയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
നവാല്‍നിയുടെ ശരീരത്തില്‍നിന്നുള്ള സാമ്പിളുകളില്‍ നടത്തിയ പരിശോധനകളില്‍ എപ്പിബാറ്റിഡിന്‍ എന്ന വിഷാംശം കണ്ടെത്തി. തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന വിഷമുള്ള തവളകളിലാണ് എപ്പിബാറ്റിഡിന്‍ കാണപ്പെടുന്നത്. റഷ്യയില്‍ സാധാരണമായി ഇത് ലഭ്യമല്ല. എന്നാല്‍ ഈ വിഷം നല്‍കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങളും അവസരവും ഉണ്ടായിരുന്നു എന്നും അഞ്ച് സര്‍ക്കാരുകള്‍ പ്രസ്താവനയില്‍ പറയുന്നു.
റഷ്യയുടെ നടപടി കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ന്റെ ലംഘനമാണ്. ഇക്കാര്യം കെമിക്കല്‍ വെപ്പണ്‍സ് നിരോധന സംഘടനയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്തതായും യുറോപ്യന്‍ രാജ്യങ്ങള്‍ അറിയിച്ചു. 'നവാല്‍നിയെ റഷ്യ ഒരു ഭീഷണിയായി കണ്ടു. വിഷ പ്രയോഗത്തിലൂടെ റഷ്യന്‍ ഭരണകൂടം തങ്ങള്‍ക്കു ലഭ്യമായ നിന്ദ്യമായ മാര്‍ഗ്ഗങ്ങളും രാഷ്ട്രീയ എതിര്‍പ്പിനോടുള്ള അമിതമായ ഭയവും പ്രകടമാക്കിയിരിക്കുന്നു,' ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പര്‍ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച വ്യക്തിയായിരുന്നു നവാല്‍നി. അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചിരുന്ന നവാല്‍നിക്ക് 2020-ല്‍, വിഷബാധയേറ്റിരുന്നു. തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. അഞ്ച് മാസത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തെ റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. പിന്നാലെയായിരുന്നു മരണം. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് നവാല്‍നിയുടെ ഭാര്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates