കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍. ട്വിറ്ററിലൂടെയാണ് താലിബാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശി പറയുന്നു. താലിബാന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ് കാണ്ഡഹാര്‍ സ്വദേശിയുടെ വെളിപ്പെടുത്തല്‍.
'കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി'- താലിബാന്‍ വക്താവ് ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാറിനെ കാബൂളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പട്ടണമാണ് തെക്കു കിഴക്കന്‍ പ്രദേശമായ ഗസ്‌നി. നഗരം വിട്ട ഗസ്‌നി ഗവര്‍ണറെയും ഉപഗവര്‍ണറെയും സുരക്ഷാ സേന അറസ്റ്റു ചെയ്തതായും നഗരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിര്‍വെയ്‌സ് സ്റ്റാനിക്‌സായ് സ്ഥിരീകരിച്ചു.
രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനുള്ളില്‍ അഫ്ഗാനില്‍ മരിച്ചത് 1000 സാധാരണക്കാരാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്ക്. നാലു ലക്ഷത്തോളം പേര്‍ ഇതുവരെ അഭയാര്‍ത്ഥികളായി.
ഒരു മാസത്തിനകം താലിബാന്‍ സേന കാബൂള്‍ വളയുമെന്നും മൂന്ന് മാസത്തിനുള്ളില്‍ തലസ്ഥാന നഗരം പൂര്‍ണമായും പിടിച്ചെടുക്കുമെന്നുമുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.
അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ടെങ്കിലും അതിനിടെയാണ് കൂടുതല്‍ സ്ഥലങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. അക്രമം അവസാനിപ്പിക്കുന്നതിനായി താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് താലിബാനുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെ അഫ്ഗാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി സ്ഥാനമൊഴിയാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് താലിബാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates