ന്യൂഡല്‍ഹി: വിശാഖപട്ടണത്തു നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങിയ ഇറാന്റെ കപ്പലിനെയാണ് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വെച്ച് അമേരിക്ക ആക്രമിച്ചതെന്ന് റിപ്പോര്‍ട്ട്. ഇറാനു നേര്‍ക്ക് യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിക്ക് അടുത്ത് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്.
ഫെബ്രുവരി 15 മുതല്‍ 25 വരെയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാന്‍ 2026 ബഹുരാഷ്ട്ര നാവിക സേനയുടെ സൈനികാഭ്യാസം നടന്നത്. ഇതില്‍ പങ്കെടുക്കാനായാണ് ഐറിസ് ഡെന എന്ന ഇറാന്റെ സൈനിക കപ്പല്‍ ഇന്ത്യയില്‍ എത്തിയത്. സൈനികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, യുഎഇയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അമേരിക്ക അടച്ചു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് നടപടി. അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റുമാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്.
അത്യാവശ്യ വിഭാഗത്തിലല്ലാത്ത എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും യുഎഇ വിടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടു. സുരക്ഷാ ഭീഷണിയെതുടര്‍ന്ന് വിസാ സേവനങ്ങളും പാസ്‌പോര്‍ട്ട് പുതുക്കലും ഉള്‍പ്പെടെയുള്ള എല്ലാ കൗണ്‍സില്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നിലവില്‍ വിസയ്ക്കായി പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ അവ തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates