വാഷിങ്ടണ്‍/ ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കരാറില്‍ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. പശ്ചിമേഷ്യയില്‍ നിന്നുള്ള ചരക്കുനീക്കത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കും കരാറിന്റെ ഭാഗമായി തുറന്നു നല്‍കുന്നതോടെ ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാകും. ട്രംപ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുറത്തുവിട്ടു.
ഫ്രഞ്ച് പ്രസിഡന്റിന്റെ വേഴ്‌സായ് കൊട്ടാരത്തില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറില്‍ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാര്‍ ഒപ്പുവച്ച വിവരം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയും സ്ഥിരീകരിച്ചു. ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ കടുത്ത ബോംബാക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇറാനികളെ ബുദ്ധിശാലികളെന്നും ട്രംപ് വിശേഷിപ്പിച്ചു.
കരാറിന്റെ അന്തിമരൂപത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ഒപ്പുവച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി. ഇത് എത്രത്തോളം കൃത്യമായി നടപ്പിലാകുമെന്ന് പരിശോധിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ജനീവയില്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് മാറ്റമില്ല. കരാര്‍ ഒപ്പുവച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളില്‍ അന്തിമ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.
കരാറിലെ പ്രധാന വ്യവസ്ഥകള്‍
60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്തണം.
ഇറാനിലേര്‍പ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുന്‍പ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകള്‍ക്ക് അനുമതി നല്‍കും.
ഹോര്‍മുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോര്‍മുസില്‍ ടോള്‍ നല്‍കേണ്ട. പിന്നീട് ഒമാനും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ഹോര്‍മുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറില്‍ ഇറാനെത്തണം.
ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.
ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.
ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേല്‍നോട്ടത്തില്‍ മാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates