Donald Trump, General Asim Munir എപി/ എക്സ്
World

പാക് സൈനിക മേധാവിക്ക് വിരുന്ന് നല്‍കി ട്രംപ്; സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ നടത്തുന്ന ആദ്യ കൂടിക്കാഴ്ച

സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും നന്നായി പ്രവര്‍ത്തിച്ചുവെന്ന് ട്രംപ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് വിരുന്നു നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ( Donald Trump ). വൈറ്റ് ഹൗസില്‍ ജനറല്‍ അസിം മുനീറിനൊപ്പമാണ് ട്രംപ് ഉച്ചഭക്ഷണം കഴിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ധാതുക്കള്‍, ക്രിപ്‌റ്റോ, ഭീകരവാദം, കശ്മീര്‍ വിഷയം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.

ഇറാനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ അസിം മുനീറുമായി ചര്‍ച്ച നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. 'മറ്റുള്ളവരെക്കാള്‍ നന്നായി അവര്‍ക്ക് ഇറാനെ അറിയാം, അവര്‍ ഒന്നിലും സന്തുഷ്ടരല്ല. അതിനര്‍ത്ഥം പാകിസ്ഥാന്‍ ഇസ്രയേലുമായി മോശം ബന്ധത്തിലാണെന്ന് അല്ല. അവര്‍ക്ക് ഇരുവരെയും അറിയാം. എന്നാല്‍ ഇറാനെ കൂടുതല്‍ നന്നായി അറിയാം. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ എന്റെ നിലപാടിനോട് അസിം മുനീര്‍ യോജിച്ചു.' ട്രംപ് പറഞ്ഞു.

ജനറല്‍ അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. അവര്‍ രണ്ട് വലിയ ആണവശക്തികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനറല്‍ അസിം മുനീറും മിടുക്കരായ നേതാക്കളാണ്. സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും നന്നായി പ്രവര്‍ത്തിച്ചുവെന്നും ട്രംപ് പറഞ്ഞു.

യുദ്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയും, സംഘര്‍ഷം പെട്ടെന്നു തന്നെ അവസാനിപ്പിക്കുകയും ചെയ്തതിന് നന്ദി പറയാന്‍ ആഗ്രഹിച്ചാണ് ജനറല്‍ അസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് തടയുന്നതില്‍ അസിം മുനീര്‍ വഹിച്ച പങ്കിനെയും ട്രംപ് പ്രശംസിച്ചു. പാകിസ്ഥാനുമായി അമേരിക്ക വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്നും ട്രംപ് അറിയിച്ചു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ്- മുനീര്‍ കൂടിക്കാഴ്ച നടന്നത്.

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പാക് സൈനിക മേധാവി ജനറൽ അസിം മുനീർ അമേരിക്കയിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ഇതിനു മുമ്പ് യു എസ് പ്രസിഡന്റുമായി നേരിട്ട് ചർച്ച നടത്തിയ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ പർവേശ് മുഷറഫാണ്. 2001 ലായിരുന്നു ആ കൂടിക്കാഴ്ച. അതിനിടെ, പാകിസ്ഥാനിൽ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക് പൗരന്മാർ ജനറൽ അസിം മുനീർ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടണിലെ പാകിസ്ഥാൻ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു. ജനറൽ അസിം മുനീറിനെ പാകിസ്ഥാൻ ജനതയ്‌ക്കെതിരെ ചെയ്ത കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്

കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി; എംഎസ്‌സി എല്‍സ 3 കപ്പലിന്റേതെന്ന് സംശയം

മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വിശദീകരണം

സുഹൃത്തുക്കളുമായി ഒത്തുകൂടും, ഈ നക്ഷത്രക്കാര്‍ എതിരാളികളെ വശത്താക്കും

അപ്രതീക്ഷിത ചെലവുകള്‍, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT