സെന്‍ട്രല്‍ ഗാസയിലെ ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍ മഗാസി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ദേര്‍ അല്‍ ബലാഹിലെ അല്‍ അഖ്സ ആശുപത്രിയില്‍ എത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു.
അതേസമയം ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെയുള്ള ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസും രണ്ട് റൊട്ടി കഷ്ണങ്ങള്‍ മാത്രമാണ് ആളുകള്‍ക്ക് കഴിക്കാന്‍ ലഭിക്കുന്നതെന്ന് യുഎന്നിന്റെ പലസ്തീന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യു തലവന്‍ തോമസ് വൈറ്റ് പറഞ്ഞു. ഭക്ഷ്യ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 21 മുതല്‍ ആകെ 451 സഹായ ട്രക്കുകള്‍ മാത്രമാണ് ഗാസയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാസയില്‍ ഇസ്രായേല്‍ കനത്ത ബോംബാക്രമണം ആണ് ദിവസങ്ങളായി നടത്തുന്നത്. പ്രത്യേകിച്ച് വടക്കന്‍ ഭാഗത്ത് നിരവധി സാധാരണക്കാര്‍ പലായനം ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നും ഗാസയുടെ ആരോഗ്യ മന്ത്രാലയം പറയുന്നു.
ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ പ്രധാന ജലസ്രോതസ്സ് ഇസ്രായേല്‍ ഷെല്ലാക്രമണം തകര്‍ന്നതോടെ ജലക്ഷാമവും രൂക്ഷമാണ്. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 9,488 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 1,400 ലധികം പേര്‍ കൊല്ലപ്പെട്ടു. 240 ലധികം ഇസ്രയേല്‍ വംശജരേയും വിദേശികളേയും ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates