ഡോണള്‍ഡ് ട്രംപ്  File/ AP
World

ട്രംപിന്റെ ഭീഷണി, പിന്നാലെ ഇറാനില്‍ വ്യോമാക്രമണം നടത്തി യുഎസ്; സമാധാന കരാര്‍ പ്രതിസന്ധിയില്‍

ചബഹാര്‍ നഗരത്തില്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായ വൈദ്യുതി തടസ്സമുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

വാഷിങ്ടന്‍/ ടെഹ്‌റാന്‍: ഇറാനുമായുള്ള താല്‍ക്കാലിക സമാധാന കരാര്‍ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ വ്യാപക വ്യോമാക്രമണം. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്നും ഇതിന് തിരിച്ചടിയായാണ് യുഎസ് ഇപ്പോള്‍ ആക്രമണം നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ വഷളാക്കിയത്. വ്യാഴാഴ്ച രാത്രി ഇറാന് നേര്‍ക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഈ നീക്കം.

ബുഷെഹര്‍, ചബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നീ തീരദേശ നഗരങ്ങള്‍ക്ക് പുറമെ അബു മൂസ ദ്വീപിനെ ലക്ഷ്യമാക്കിയും യുഎസ് സേന വ്യോമാക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ ഇറാന്‍ഷഹര്‍ നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചബഹാര്‍ നഗരത്തില്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായ വൈദ്യുതി തടസ്സമുണ്ടായി. ഇവിടെ കപ്പലടുക്കുന്ന രണ്ട് ഡെക്കുകള്‍ക്കും മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവറിനും മിസൈലാക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഏഴ്‌ ശതമാനത്തോളം വര്‍ധനയുണ്ടായി. അന്താരാഷ്ട്ര ജലപാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ ഇറാന്‍ നടത്തുന്ന അനാവശ്യ ആക്രമണങ്ങള്‍ക്ക് അവരെത്തന്നെ ഉത്തരവാദികളാക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ഇറാന്റെ ആക്രമണ ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനം നല്‍കുന്നുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, യുഎസുമായുള്ള ദീര്‍ഘകാല സമാധാന ചര്‍ച്ചകളില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ് ഇറാന്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ജൂണ്‍ 17ന് ഇരുവിഭാഗവും താല്‍ക്കാലിക കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ പുതിയ ആക്രമണങ്ങള്‍ സമാധാന കരാറിനെ പൂര്‍ണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ, ഇറാനുമായി കരാറിലെത്തിയാലും അവര്‍ അതില്‍ ഉറച്ചുനില്‍ക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നില്ലെന്നും, സമാധാന ചര്‍ച്ചകള്‍ ഇനി മുന്നോട്ട് പോകുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസിന്റെ പ്രകോപനത്തോട് തന്ത്രപരമായാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാന്‍ ഒരിക്കലും അശ്ലീലതയ്ക്ക് അശ്ലീലത കൊണ്ടല്ല മറുപടി നല്‍കുക, മറിച്ച് കൃത്യമായ പ്രവൃത്തിയിലൂടെയായിരിക്കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ യുഎസിന്റെ ശക്തിയെയല്ല കാണിക്കുന്നത്, മറിച്ച് ക്രൂരമായ ബലപ്രയോഗത്തിന് ശ്രമിച്ച് പരാജയപ്പെട്ട നയത്തിന്റെ തുറന്നുപറച്ചിലാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസെം ഗരീബാബാദി കുറ്റപ്പെടുത്തി.

ഫെബ്രുവരിയില്‍കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ സംസ്‌കരിക്കും. ഇറാഖിലെ നജാഫ്, കര്‍ബല എന്നീ നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിലാപയാത്രകള്‍ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ, ഇസ്രായേല്‍ സേന ഗാസയിലും ലെബനനിലും ആക്രമണം തുടരുകയാണ്. ഗാസയില്‍ എട്ടുപേരും ലെബനനിലെ നബാതിയയില്‍ രണ്ടുപേരും ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

US Conducts Fresh Strikes Against Iran, Cites Attacks On Ships

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അഞ്ചുപേര്‍ ഇനിയും കാണാമറയത്ത്; കള്ളാടിയില്‍ ഇന്നും തിരച്ചില്‍ തുടരും, പരിശോധന നാലു സോണുകളായി തിരിച്ച്

Today's Rashi Phalam July 09|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവസരം

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍