പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇസ്ലാമാബാദിൽ എത്തിയ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽലാട്ടി, സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദ്, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ എന്നിവർ The New Indian Express
World

പാകിസ്ഥാന്റേത് ഹീറോയിക് എൻട്രി? അമേരിക്കൻ - ഇറാൻ സംഘർഷത്തിലെ പാക് പങ്കെന്ത്? ?

സമീപകാലത്തെ ഏറ്റവും മികച്ച നയതന്ത്രവിജയമാണ് പാകിസ്ഥാന്‍ കൈവരിച്ചതെന്നാണ് രാജ്യത്തെ പ്രശംസിച്ചുകൊണ്ട് ദക്ഷിണേഷ്യന്‍ വിദഗ്ധന്‍ മൈക്കല്‍ കുഗല്‍മാന്‍ എക്‌സില്‍ കുറിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ് : ഇറാനെതിരെ അതിഗുരുതരമായ ഭാഷയില്‍ ഭീഷണിമുഴക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളില്‍ വിറങ്ങലിച്ചിരുന്നു ലോകം. പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രവചനാതീതമാംവിധം കലുഷിതമാവുകയും ചെയ്തു. 'ഈ രാത്രി ഇരുണ്ടുവെളുമ്പോഴേക്കും ഒരു നാഗരികതയത്രയും അസ്തമിക്കുമെന്ന' വെല്ലുവിളിയോടെ ട്രംപ് തന്റെ അവസാന താക്കീതും നല്‍കി. ഏപ്രില്‍ 7 നു രാത്രി 8 മണിയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5 :30) ഇറാന് ഹോര്‍മുസ് കടലിടുക്ക് തുറക്കാനായി അമേരിക്ക അനുവദിച്ച അവസാന സമയപരിധി.

രാത്രിയോടടുക്കുംതോറും ഇറാനില്‍ ലക്ഷ്യമിടേണ്ട താവളങ്ങളുടെ നീണ്ട ലിസ്റ്റും അമേരിക്ക തയ്യാറാക്കിത്തുടങ്ങി. പാലങ്ങളും ഊർജ്ജനിലയങ്ങളും ഡാമുകളുമടക്കം ജനജീവിതമില്ലാതാക്കാന്‍കെല്‍പ്പുള്ള പദ്ധതികള്‍ അണിയറയിലൊരുങ്ങി. എന്നാല്‍ ആക്രമിക്കാനാണ് ശ്രമമെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും 14 മില്യണ്‍ ഇറാനിയന്‍ ജനത ജീവത്യാഗത്തിനും തയ്യാറായി നില്‍ക്കുന്നുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തീവ്രതയൊട്ടും കുറക്കാതെ മറുപടി നല്‍കുകയും ചെയ്തു. പ്രധാന ഇടങ്ങളിലെല്ലാം സാധാരണക്കാരായ ഇറാനിയന്‍ ജനത കയ്യോടുകൈചേര്‍ത്ത് മനുഷ്യമതിലുകളൊരുക്കി കാത്തിരുന്നു. സൈന്യം മാസ്റ്റര്‍ പ്ലാനോടെ സജ്ജമായിരുന്നു.

പറഞ്ഞ സമയം തീരും മുന്‍പുതന്നെ അമേരിക്ക വാക്കുതെറ്റിച്ച് ആക്രമണം തുടങ്ങി. ഇറാന്റെ 'കിരീട രത്‌ന'മെന്നറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപിന്റെ എണ്ണ കയറ്റുമതി കേന്ദ്രത്തില്‍ സംഘര്‍ഷം നടന്നു. സഖ്യകക്ഷിയായ ഇസ്രയേലും ആക്രമണങ്ങളുമായി വളഞ്ഞു. പാലങ്ങളും റെയില്‍വേ സ്‌റ്റേഷനുകളും തകര്‍ത്തു. എന്നാല്‍ അമേരിക്കയുടെ ഭീഷണിയിലൊന്നും തളരില്ലെന്ന് ഇറാന്‍ തീര്‍ത്തു പറഞ്ഞു. അടികളും തിരിച്ചടികളുമായി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും ദുരന്തമല്ലാതെ മറ്റൊന്നും പശ്ചിമേഷ്യന്‍ തീരങ്ങളില്‍ തെളിയാതാവുകയും ചെയ്തു. വെല്ലുവിളികളുടെ തീവ്രത ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയോടെ ഇരുവശത്തും തുളഞ്ഞുകേറി. അതിനിടയിലേക്കാണ് ഹീറോയ്ക്കായി പാകിസ്ഥാന്റെ മധ്യസ്ഥത കടന്നുവന്നത്.

ലോകം അതിന്റെ സര്‍വ്വനാശങ്ങളുടെ ആരംഭമായേക്കാന്‍ കെല്‍പ്പുള്ള ആക്രമങ്ങളിലേക്ക് വെറും 90 മിനുട്ട് ദൂരം മാത്രം പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെത്തിയത്. വൈകീട്ട് 6:32ന് ട്രൂത്ത് സോഷ്യലിലൂടെ, ഇറാന് രണ്ടാഴ്ചത്തെ സമയപരിധികൂടെ അനുവദിച്ചുകൊടുക്കുന്നതായി ട്രംപ് അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീര്‍ എന്നിവരുമായുണ്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനെതിരെ നടത്താനിരുന്ന ആക്രമണം നിര്‍ത്തലാക്കാനും ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും, ഉടനടിയും, സുരക്ഷിതമായും തുറക്കാന്‍ സമ്മതിച്ചാല്‍, ഇറാനിലെ ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്താനും സമ്മതിക്കുന്നു എന്നാണ് ട്രംപ് അറിയിച്ചത്. ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ സായുധസേനകളുടെ പ്രതിരോധം അവസാനിപ്പിക്കാമെന്നും അടുത്ത രണ്ടാഴ്ച സായുധസേനകളുമായി ഏകോപിപിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത യാത്ര സാധ്യമാക്കുമെന്നും ഇറാനും ഔദ്യോഗികമായി പ്രതികരിച്ചു. സമീപകാലത്തെ ഏറ്റവും മികച്ച നയതന്ത്രവിജയമാണ് പാകിസ്ഥാന്‍ കൈവരിച്ചതെന്നാണ് രാജ്യത്തെ പ്രശംസിച്ചുകൊണ്ട് ദക്ഷിണേഷ്യന്‍ വിദഗ്ധന്‍ മൈക്കല്‍ കുഗല്‍മാന്‍ എക്‌സില്‍ കുറിച്ചത്.

പാകിസ്ഥാനെന്താ കാര്യം?

' ഒരേസമയം അമേരിക്കയുമായും ഇറാനുമായും സൗഹൃദം പുലർത്തുന്ന മേഖലയിലെ ഏകരാജ്യം എന്നനിലയിലാണ് മധ്യസ്ഥത വഹിക്കാന്‍ പാകിസ്ഥാനു സാധിച്ചതെന്നാണ്' ടെഹ്‌റാനിലെ മുന്‍ പാക് അംബാസഡര്‍ ആസിഫ് ദുറാനി പറഞ്ഞത്. തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇറാനുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന്, മതപരമായും ചരിത്രപരമായും ദൃഢബന്ധമാണ് ടെഹ്റാനുമായുള്ളത്. ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഷിയാ മുസ്ലിം ജനസംഖ്യയുള്ള രാജ്യംകൂടെയാണ് പാകിസ്ഥാന്‍. ഇന്ത്യാവിഭജനത്തിനുശേഷം രൂപംകൊണ്ട പാകിസ്ഥാനെ ആദ്യമായി അംഗീകരിച്ചതും ഇറാനായിരുന്നു. 1979 ലെ വിപ്ലവശേഷം രൂപംകൊണ്ട ഇസ്ലാമിക് റിപ്പബ്ലിക്കിന് തിരിച്ച് പാകിസ്ഥാനും പിന്തുണ നല്‍കി.

9/11 നു ശേഷം തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യമെന്ന് പാകിസ്ഥാനെതിരെ അമേരിക്ക വിമര്‍ശനമുന്നയിച്ചിരുന്നെങ്കിലും നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യക്തിബന്ധം അതിനു സഹായകമായിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി കശ്മീരില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുപ്പോള്‍ സൈനിക വേഷത്തിലല്ലാതെ അസിം മുനീര്‍ വാഷിങ്ടണ്‍ സന്ദര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. അന്ന് ഇന്ത്യയുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ട്രംപ് നോബല്‍ സമ്മാനം അര്‍ഹിക്കുന്നതാണ് മുനീര്‍ പറഞ്ഞത്. മുന്‍കാലങ്ങളില്‍ പാകിസ്ഥാനെതിരായ നിലപാടെടുത്തിരുന്ന അമേരിക്ക, പിന്നീട് ഉഭയകക്ഷി ബന്ധങ്ങളില്‍ മാറ്റം വരുത്തിയതിന് ഇരുവരും തമ്മിലുള്ള ബന്ധം കാരണമായിട്ടുണ്ട്.

2025 ല്‍ സൗദി അറേബ്യയുമായി പാക്കിസ്ഥാന്‍ പരസ്പരപ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇത് സൗദിയുമായുള്ള ദീര്‍ഘകാല ബന്ധത്തെ ഊട്ടിയുറപ്പിച്ചെങ്കിലും ഇറാനെ പിന്തുണക്കുന്നതില്‍ പാകിസ്ഥാനെ പരിമിതപ്പെടുത്തി. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട നടപടികളുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ചൈനയെയും സമീപിച്ചു. തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൂടിയായ ഇറാന്‍ ഭാഗമായ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പാകിസ്ഥാന്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ചൈനയും ഉറപ്പുനല്‍കി. ഇറാനുമായി ചര്‍ച്ചയാകാം എന്ന തീരുമാനത്തിലേക്ക് അമേരിക്കയെ എത്തിച്ചത് ചൈനയുമായുണ്ടായ സംഭാഷണങ്ങളാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളുമായി മൃദുസമീപനം സ്വീകരിക്കേണ്ടത് പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമായിരുന്നു. സംഘര്‍ഷത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് അടച്ചത് ഇതുവഴിയുള്ള എണ്ണ, വാതക ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇന്ധനക്ഷാമം വിതരണം വഷളാക്കുകയും, അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കുകയും ചെയ്തതോടെ പ്രതിരോധത്തിലാണ് സര്‍ക്കാര്‍. ഇന്ത്യയുമായുള്ള ആക്രമണപരമ്പരകള്‍ അവസാനിച്ച് ഒരു വര്‍ഷം തികയും മുന്‍പുതന്നെ അഫ്ഗാനിസ്ഥാനുമായും സായുധസംഘട്ടനത്തില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാനെ നിലവിലെ സാഹചര്യം ഗുരുതരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരം കണ്ടെത്താനായത് രാജ്യത്തിന്റെ അന്താരാഷ്ട്രനില മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

എന്താണ് പാകിസ്ഥാന്റെ ഭാവി പദ്ധതി?

ഏപ്രില്‍ പത്തിന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് ഷഹബാസ് ഷെരീഫ് അറിയിക്കുന്നത്. ഇസ്ലാമബാദില്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് ഇറാന്‍ കരുതുന്നതുകൊണ്ടാണ് പാക് മധ്യസ്ഥത സ്വീകരിക്കാന്‍ അവര്‍ തയ്യാറായതെന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും ഇരുപക്ഷത്തെയും സഹായിക്കാനും പാകിസ്ഥാന് സാധിക്കുമെന്നും ഇറാനിലെ മുന്‍ അംബാസഡര്‍ ദുറാനി പറഞ്ഞു. നേര്‍ക്കുനേർ ചര്‍ച്ചക്ക് ഇരുകക്ഷികളും തയ്യാറായില്ലെങ്കില്‍, മധ്യസ്ഥനായി പ്രവര്‍ത്തിക്കാനും പാകിസ്ഥാനാകുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കാളിയായ ഇസ്രയേലുമായി പാകിസ്ഥാന് സൗഹാര്‍ദമില്ല. എങ്കിലും അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തല്‍ അംഗീകരിച്ചിട്ടുണ്ട് ഇസ്രയേല്‍.

What is Pakistan's role in the American-Iranian ceasefire?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

IFFCO: അക്കൗണ്ട്സ് ട്രെയിനി തസ്തികയിൽ നിയമനം നേടാം; 12 ലക്ഷം വരെ ശമ്പളം

തൃശൂര്‍ കേച്ചേരിയില്‍ 750 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; സ്ഥാപനം ബിജെപി നേതാവിന്റെ സഹോദരന്റെതെന്ന് ആരോപണം

'മോഷ്ടിച്ചേ തിന്നാൻ പറ്റുള്ളൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ'; 'വാഴ 2' സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ

'ബുംറയെ അടിക്കുമെന്ന് പറഞ്ഞു,ചെയ്തു'; സൂര്യവംശിയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ

SCROLL FOR NEXT