ആഭ്യന്തര കലാപം രൂക്ഷമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ(ഡിആര്‍സി) കസായി പ്രവിശ്യയില്‍ മാത്രം കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ മരിച്ചത് അഞ്ഞൂറിലധികം പേരെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഉദ്യോഗസ്ഥരും വിമത ഗ്രൂപ്പുകളും തമ്മില്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ കനത്ത പോരാട്ടം നടക്കുകായണ്. അഞ്ചു മാസത്തിനുള്ളില്‍ 390 വിമത പോരാളികളും 39 പട്ടാളക്കാരും 85 പൊലീസുകാരും ഇവിടെ കൊല്ലപ്പെട്ടുവെന്ന് ഡിപിഎ ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒരു പ്രദേശത്തെ മാത്രം അവസ്ഥയല്ലെന്നും ഡിആര്‍സിയിലെ മുഴുവന്‍ പ്രദേശങ്ങളും ശ്മശാന ഭൂമികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യുഎന്‍ കണക്കനുസരിച്ച് മനുഷ്യനിര്‍മ്മിതിമായ പ്രശ്‌നങ്ങള്‍മൂലം ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തും ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ അഭയയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന ആഫ്രിക്കന്‍ രാജ്യവുമാണ് ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ.
90കളില്‍ തുടങ്ങിയ കലാപം അനേകായിരംം മനുഷ്യ ജീവനുകള്‍ അപഹരിച്ച് തുടരുകയാണ്. റുവാണ്ടയിലെ രക്ത രൂക്ഷിത കലാപത്തില്‍ നിന്നും രക്ഷ തേടിയെത്തിയവര്‍ക്ക് അഭയം നല്‍കി എന്ന കാരണത്താല്‍ 1996ല്‍ റുവാണ്ടയും ഉഗാണ്ടയും ചേര്‍ന്ന് ഡിആര്‍സിയെ അക്രമിച്ചു. ഡിആര്‍സിയിലെ പ്രകൃതി വിഭങ്ങളുടെ സുലഭ ലഭ്യതയായിരുന്നു ഉഗാണ്ടയെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. 1997ല്‍ അന്നത്തെ ഭരണാധികാരി മൊബൂട്ടോയെ പുറത്താക്കുകയും വിമത ഗ്രൂപ്പുകളുടെ നേതാവായ ലോറന്റ് കബില അധികാരത്തിലെത്തുകയും ചെയ്തു. ഭരണമേറ്റ ശേഷം ഉഗാണ്ടന്‍ സൈന്യത്തോട് രാജ്യം വിട്ടുപോകാന്‍ കബില ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ റുവാണ്ടയും ഉഗാണ്ടയും പ്രാദേശികമായി വിഭജിച്ചു നിന്ന ചെറു റിബല്‍ ഗ്രൂപ്പുകളെ കൂട്ടുപിടിച്ച് കബിലയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചു. അംഗോളയും സിംബാബബെയും നമീബിയയും കബിലയെ പിന്തുണയ്ക്കാന്‍ എത്തിയതോടെ വിനാശകരമായ യുദ്ധത്തിലേക്കത് നീങ്ങി. നിരവധിപേരുടെ ജീവനെടുത്ത യുദ്ധം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ യുദ്ധമായി മാറി.2001ല്‍ കബില വധിക്കപ്പെട്ടു. തുടര്‍ന്നു ഭരണത്തില്‍ വന്ന മകന്‍ ജോസഫ് കബില സമാധാന ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. 2006ല്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ ആദ്യമായി ബഹുകക്ഷി തെരഞ്ഞെടുപ്പു നടന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അഗീകരിക്കാതെ വീണ്ടും റിബല്‍ ഗ്രൂപ്പുകള്‍ കലാപമാരംഭിച്ചു. അതിന്റെ തുടര്‍ച്ചയായി ഉണ്ടായ കലാപം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates