ന്യൂഡല്‍ഹി: ടൈം മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രം കണ്ടാല്‍ ഒരിക്കല്‍ കൂടി ഉറപ്പായും നോക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെയും മോര്‍ഫ് ചെയ്ത ചിത്രവുമായാണ് മാസികയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലേക്ക് നോക്കിയിരിക്കെ ട്രംപ് അല്‍പ്പം മെലിഞ്ഞ് ചുറുചുറുക്കുള്ള പുടിനായും പുടിനല്ലേ എന്ന് ഉറപ്പിച്ച് നോക്കുമ്പോഴേക്കും നെറ്റിത്തടമെല്ലാം വിരിഞ്ഞ് നരകയറിയ പുരികവുമായി ഡൊണാള്‍ഡ് ട്രംപായും മാറും. ഹെല്‍സിങ്കിയിലെ വിവാദ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ' ദ സമ്മിറ്റ് ക്രൈസിസ്' എന്ന തലക്കെട്ടിലാണ് മാസികയുടെ കവര്‍ ചിത്രം.
വിവാദമായ ഉച്ചകോടിയില്‍ ഭീകരവാദം, ഇസ്രയേല്‍ വിഷയം, ഉത്തരകൊറിയ, ആണവ നിരായുധീകരണം തുടങ്ങിയ വിഷയങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ സാന്നിധ്യം സംബന്ധിച്ച ട്രംപിന്റെ പ്രസ്താവനയാണ് കടുത്ത വിമര്‍ശനത്തിനിടയാക്കിയത്. റഷ്യ തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന വാദത്തെ അംഗീകരിക്കുകയാണ് ട്രംപ് ചെയ്തത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പരസ്യമായി തന്നെ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ലോകത്തിന് മുമ്പില്‍ താഴ്ത്തിക്കെട്ടുന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചതെന്നായിരുന്നു വിമര്‍ശനം.തനിക്ക് അബദ്ധം പറ്റിയതാണെന്ന് വാര്‍ത്താ സമ്മേളനത്തിനിടയില്‍ ട്രംപ് വിശദീകരിച്ചിരുന്നു.
ജൂണ്‍ മാസത്തിലിറങ്ങിയ ലക്കത്തിലും അമേരിക്കന്‍ പ്രസിഡന്റ് തന്നെയായിരുന്നു കവര്‍. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന ട്രംപിന് സ്വന്തം പ്രതിബിംബം കാണുമ്പോള്‍ കിരീടവും രാജവസ്ത്രവുമണിഞ്ഞ് രാജാവിനെ പോലെ തോന്നുന്നു എന്നായിരുന്നു ആശയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates