ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. ചില ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഹൈക്കമ്മീഷണറായ സൊഹൈല്‍ മുഹമ്മദിനെ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചയ്ക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യമന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. പാക് വിദേശകാര്യ മന്ത്രാലയ വക്താവായ ഡോക്ടര്‍ മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാകും. പാകിസ്ഥാനെ ബലിയാടാക്കി യാഥാര്‍ത്ഥ്യം മറച്ച് വയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
പാക് വേരുകളുള്ള ഭീകരസംഘടനയായ ജയ്ഷ്- ഇ- മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യന്‍ നയതന്ത്രബന്ധം വഷളായിരുന്നു. ഡബ്ല്യുടിഒ കരാര്‍ പ്രകാരം നല്‍കിയ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു.
ഇതിന് പിന്നാലെ ഭീകരവാദത്തിന് മറുപേര് പാകിസ്ഥാന്‍ എന്നാണ് എന്നതടക്കമുള്ള പ്രസ്താവനകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയെ പോലെ വൈകാരിക നടപടികള്‍ സ്വീകരിക്കില്ലെന്നായിരുന്നു അന്ന് പാകിസ്ഥാന്‍ പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് ന്യൂഡല്‍ഹിയില്‍ നിന്നും ഹൈക്കമ്മീഷണര്‍ ഇസ്ലമാബാദിലേക്ക് തിരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates